hate speech case
കെ സുധാകരനെതിരായ കേസ് മനഃപൂര്‍വം ലഹളയുണ്ടാക്കാനുള്ള ശ്രമമാണെന്ന് വി ഡി സതീശന്‍
അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സതീശന്‍ പറഞ്ഞു.
കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തത് മനഃപൂര്‍വം നടത്തുന്ന പ്രകോപനമാണെന്ന് വി ഡി സതീശന്‍. ലഹളയുണ്ടാക്കാനുള്ള ശ്രമമാണിത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ ഒരു വിഷയവുമില്ലാത്തതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുശൈലിയില്‍ പറഞ്ഞതാണെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നുവെന്നും പറഞ്ഞ് കെ സുധാകരന്‍ പതിവിന് വിപരീതമായി പരാമർശം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ കേസെടുത്ത് വീണ്ടും കുത്തിപ്പൊക്കി ഈ വിഷയം അന്തരീക്ഷത്തില്‍ നിലനിര്‍ത്തുകയാണ് സി പി എം. കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കേസാണിത്. അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രയോഗിച്ചത്ര മോശമായ ഭാഷ ആരും ഇതുവരെ പറഞ്ഞിട്ടില്ല. താമരശ്ശേരി മുൻ ബിഷപ്പിനെതിരായ ‘നികൃഷ്ടജീവി’, പ്രേമചന്ദ്രന്‍ എം പിക്കെതിരായ ‘പരനാറി’, ചന്ദ്രശേഖരനെതിരായ ‘കുലംകുത്തി’ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയതില്‍ ഇതുവരെ പിണറായിക്കെതിരെ കേസെടുത്തിട്ടുണ്ടോ? ഇത്തരം അധിക്ഷേപങ്ങള്‍ നടത്തിയത് മുഖ്യമന്ത്രി മാത്രമാണെന്നും സതീശന്‍ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി കൂട്ടുകൂടിയെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. യു ഡി എഫ് അല്ല, മറിച്ച് സി പി എം ആണ് ബി ജെ പിയുമായി ചേര്‍ന്ന് വോട്ട് മറിച്ചത്. കൊച്ചി നഗരത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.