Connect with us

Attack against Rahuls Office

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് അക്രമമെന്നും അദ്ദേഹം ആരോപിച്ചു.

Published

|

Last Updated

കല്പറ്റ | വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കഴിഞ്ഞ ദിവസമുണ്ടായ എസ് എഫ് ഐ ആക്രമണം സംസ്ഥാന മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ പി എയുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് അക്രമമെന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഡെമോക്ലിസിന്റെ വാള്‍ കണക്കെ മുഖ്യമന്ത്രിയുടെ തലയില്‍ തൂങ്ങിനില്‍ക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനും കേന്ദ്രത്തെ തൃപ്തിപ്പെടുത്താനുമാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതങ്ങളില്‍ വരെ ആസൂത്രണം ചെയ്താണ് അക്രമമുണ്ടാക്കിയത്. കേരളത്തിലെ ആര്‍ എസ് എസ് ചെയ്യാത്തതാണ് എസ് എഫ് ഐ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലെ സംഘ്പരിവാരമാണ് ഗാന്ധിജിയുടെ പ്രതിമയും മറ്റും ആക്രമിക്കുന്നത്. ഇത് മാതൃകയാക്കിയാണ് എസ് എഫ് ഐ ഗാന്ധിജിയെ ആക്രമിക്കുന്നത്. കേരളത്തിലെ ആര്‍ എസ് എസ് ഇത് ചെയ്തിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest