farmer suicide
രാജീവന്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമെന്ന് വി ഡി സതീശൻ
രാജീവന്റെ കടബാധ്യതകളും കുടുംബത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണം.
പത്തനംതിട്ട | നിരണത്തെ രാജീവനെന്ന കർഷകൻ്റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു നിന്നതാണ് ഈ ആത്മഹത്യയ്ക്ക് കാരണം. കുട്ടനാട്ടിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കാര്‍ഷിക മേഖലയോട് സമഗ്രമായ സമീപനം സര്‍ക്കാറിനുണ്ടാകണം. നഷ്ടപരിഹാരങ്ങള്‍ സമയബന്ധിതമായി നല്‍കാനും തയാറാകണം. കൃഷിനാശത്തെ തുടര്‍ന്ന് കര്‍ഷകനായ രാജീവന്‍ ആത്മഹത്യ ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് പ്രതിനിധി സംഘം രാജീവന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
നേരത്തേയുണ്ടായ കൃഷിനാശത്തിന് വിള ഇന്‍ഷുറന്‍സോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുന്നതിനിടയിലാണ് വേനല്‍മഴയില്‍ വീണ്ടും കൃഷിനാശമുണ്ടായത്. ഇതാണ് രാജീവനെ ആത്മഹത്യയിലേക്ക് നയിച്ചത്. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമൊക്കെ വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്. ഒരോ വര്‍ഷവും ഉണ്ടാകുന്ന കൃഷിനാശം ഇവര്‍ക്ക് വന്‍ബാധ്യതയാണുണ്ടാക്കുന്നത്. 50 ശതാനം കൃഷി നശിച്ചാല്‍ ഹെക്ടറിന് 35,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. എന്നാല്‍ ഒമ്പത് ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചപ്പോള്‍ വെറും 2,500 രൂപ മാത്രമാണ് കിട്ടിയത്. ഇതിനെതിരെയാണ് പാടശേഖരസമിതി ഹൈക്കോടതിയില്‍ കേസിനു പോയത്. ആ കേസ് പരിഗണനയില്‍ ഇരിക്കെയാണ് വീണ്ടും കൃഷിനാശമുണ്ടായത്.
നശിച്ചു പോയ നെല്ല് സര്‍ക്കാര്‍ സംഭരിക്കണം. രാജീവന്റെ കടബാധ്യതകളും കുടുംബത്തിന്റെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണം. ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ദേശാഭിമാനി പത്രം പറയുന്നത്. മരിക്കാനുണ്ടായ കാരണം അന്വേഷിച്ച് പാഴൂര്‍ പടിപ്പുരയില്‍ പോകണോ? എന്ത് സഹായമാണ് സര്‍ക്കാര്‍ ചെയ്തതെന്നു കൂടി വ്യക്തമാക്കണം. കാര്‍ഷിക മേഖലയോട് സര്‍ക്കാറിന് അവഗണനയാണ്. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പോലും നല്‍കിയിട്ടില്ല. അത് സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം.