National
വീണാ ജോര്‍ജിന് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല
ക്യൂബന്‍ ഉപ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെത്തിയതാണെന്ന് വീണാ ജോര്‍ജ്

ന്യൂഡല്‍ഹി | ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല. ആശാ വര്‍ക്കര്‍മാരുടെ വിഷയം അടക്കം ചര്‍ച്ച ചെയ്യനാണ് വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്. കേരളാ ഹൗസിലെത്തിയ വീണാ ജോര്‍ജ് രാവിലെ മുതല്‍ ചര്‍ച്ചക്ക് സമയം അനുവദിക്കുമെന്ന കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ഇതുവരെ അതിനുള്ള സമയം ലഭിച്ചിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ വിഷയം, വയനാട് ദുരന്തം, എയിംസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. മുന്‍കൂട്ടി ചോദിക്കാത്തിരുന്നതിനാല്‍ കൂടിക്കാഴ്ചക്ക് അനുമതി ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്.
എന്നാല്‍, വൈകിട്ട് അഞ്ചിന് അശോക ഹോട്ടലില്‍ ക്യൂബന്‍ ഉപ പ്രധാനമന്ത്രിയുമായി മന്ത്രിമാരായ വീണാ ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍, വി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയാണ് ഡല്‍ഹി യാത്രയുടെ പ്രധാന അജണ്ടയെന്നാണ് ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്.
ഇന്നലെ ആശമാരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുകയും ഇത് പരാജയപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചക്ക് ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചത്.