Alappuzha
നെഹ്റു ട്രോഫി വള്ളംകളി: വീയപുരം ചുണ്ടൻ ജലരാജക്കന്മാർ
ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാമതെത്തി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനത്ത്
ആലപ്പുഴ |പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ നെഹ്റുട്രോഫിക്കായി ആശത്തുഴയെറിഞ്ഞ് വീയപുരം ചുണ്ടൻ ജലരാജാക്കൻമാരായി. ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെയും ചമ്പക്കുളം ചുണ്ടനെയും കാട്ടില്‍ തെക്കെതിൽ ചുണ്ടനെയും പിറകിലാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കപ്പിൽ മുത്തമിട്ടത്. തുടർച്ചയായി നാലാം തവണയാണ് പള്ളാപുരം ബോട്ട് ക്ലബ് ജലരാജാക്കന്മാരാകുന്നത്.
അലനും എയ്ഡൻ കോശിയും നയിച്ച ടീമാണ് ഓളപ്പരപ്പിൽ വേഗം കൊണ്ട് വിസ്മയം തീർത്തത്. പുന്നമടക്കായൽക്കരയിൽ ശ്വാസമടക്കി കാത്തിരുന്ന ജനലക്ഷങ്ങളെ ഉദ്വേഗത്തിന്റെ നിമിഷങ്ങളിലൂടെ കൊണ്ടുപോയാണ് ഫോട്ടോഫിനിഷിൽ വീയപുരം കിരീടം ചൂടിയത്. 4: 21: 22 മിനുട്ടിലാണ് വീയപുരം ഫിനിഷിംഗ് ലൈൻ തൊട്ടത്. തൊട്ടടുത്ത നിമിഷത്തിൽ, മൈക്രൊ സെക്കൻഡുകളുടെ വ്യത്യാസത്തിൽ 4: 21: 28 മിനുട്ടിൽ ചമ്പക്കുളവും ഫിനിഷിംഗ് ലൈൻ തൊട്ട് രണ്ടാം സ്ഥാനം നേടി. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കേരള പൊലീസ് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ നാലാമതെത്തി.
ഒന്നാം ലൂസേഴ്സ് ഫൈനലിൽ കാരിച്ചാലും സെക്കൻഡ് ലൂസേഴ്സ് ഫൈനലിൽ ആനാരിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ജവഹർ തായങ്കരിയും ജേതാക്കളായി.
ആദ്യ ഹിറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് വിജയിച്ചത്. രണ്ടാം ഹിറ്റ്‌സില്‍ യൂബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. മൂന്നാം ഹീറ്റ്‌സില്‍ കേരള പൊലീസ് ക്ലബ് തുഴഞ്ഞ മഹാദേവി കാട് കാട്ടില്‍ തെക്കെതിലും നാലാം ഹിറ്റ്‌സില്‍ തലവടി ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ എൻസിഡിസി നിരണം ചുണ്ടനും ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ രണ്ടാമതെത്തിയ ചമ്പക്കുളം മികച്ച സമയം കുറിച്ചതിനെ തുടർന്നാണ് ഫൈനലിന് യോഗ്യത നേടിയത്.