International
കാറിന് മുകളില്‍ പച്ചക്കറിത്തോട്ടം; ബാങ്കോക്കില്‍ ടാക്‌സി തൊഴിലാളികളുടെ പ്രതിഷേധം
സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായും ജോലിക്കാര്‍ക്ക് ഉപജീവനം നല്‍കാനുളള മാര്‍ഗവുമായാണ് ടാക്‌സി കേന്ദ്രത്തിലെ കാറുകള്‍ക്ക് മുകളില്‍ ചെറിയ പച്ചക്കറിത്തോട്ടങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
![](https://assets.sirajlive.com/2021/09/garden-on-car-807x538.jpg)
ബാങ്കോക്ക്| ബാങ്കോക്കില്‍ കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ തകര്‍ന്ന ടാക്‌സി കേന്ദ്രത്തിലെ കാറുകള്‍ക്ക് മുകളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായും ജോലിക്കാര്‍ക്ക് ഉപജീവനം നല്‍കാനുളള മാര്‍ഗവുമായാണ് ടാക്‌സി കേന്ദ്രത്തിലെ കാറുകള്‍ക്ക് മുകളില്‍ ചെറിയ പച്ചക്കറിത്തോട്ടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് ലോകത്തെ പല മേഖലകളിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനംകൊണ്ട് വരുമാനം നിലച്ചതിനെത്തുടര്‍ന്ന് സേവനം നിര്‍ത്തേണ്ടിവന്ന കാറുകളുടെ മുകളിലാണ് പച്ചക്കറിത്തോട്ടങ്ങള്‍ ഇടംപിടിച്ചത്.
കാറുകളുടെ മുകളില്‍ മുളങ്കമ്പുകള്‍ കൊണ്ട് അതിര് കെട്ടി കറുത്ത പ്ലാസ്റ്റിക് കവര്‍ വിരിച്ച് അതിന് മുകളില്‍ മണ്ണിട്ടാണ് പച്ചക്കറികള്‍ നട്ടിരിക്കുന്നത്. തക്കാളി, വെള്ളരി, ബീന്‍സ് തുടങ്ങീ വിവിധ തരം പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. ബാങ്കോക്കിലെ രത്ചാപുര്‍ത് ബോവോണ്‍ എന്നീ ടാക്‌സി കേന്ദ്രങ്ങളിലെ 2500 ടാക്‌സി കാറുകളില്‍ 500 എണ്ണം മാത്രമാണ് ഇപ്പോള്‍ നിരത്തിലുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.
കൊവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തില്‍ ഭീതിയോടെ പ്രാദേശികരായ പല ഡ്രൈവര്‍മാരും അവരുടെ കാറുകള്‍ തിരിച്ചു നല്‍കി വീടുകളിലേക്ക് പോയി. രണ്ടാം ഘട്ടത്തിലും ഇത്തരത്തില്‍ ഭീതി പരന്നപ്പോള്‍ കൂടുതല്‍ പേരും തൊഴില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പുതിയ കൊവിഡ് തരംഗത്തില്‍ തായ്‌ലാന്‍ഡ് വന്‍ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ തന്നെ 23,400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് തന്നെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.