Organisation
പച്ചക്കറി വിലക്കയറ്റം; വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണം: എസ് വൈ എസ്
പത്തനംതിട്ട | പച്ചക്കറി വിലക്കയറ്റം പിടിച്ചു നിര്‍ത്തുവാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന് എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ജനങ്ങള്‍ക്ക് പച്ചക്കറി വില വര്‍ധനയും ഇന്ധന, പാചകവാതക വിലയും കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഇതിനു പുറമേ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ഉത്പാദനക്കുറവ്, ഇന്ധന വിലവര്‍ധന മൂലം കടത്തുകൂലിയിലുണ്ടായ അധികച്ചെലവ് എന്നിവയും പച്ചക്കറി വില കൂടുന്നതിന് കാരണമായി. ഹോര്‍ട്ടികോര്‍പ്പും വി എഫ് പി സി കെയും അടക്കമുള്ള സംവിധാനങ്ങള്‍ ശക്തമായി ഇടപെട്ടാല്‍ വിപണിവില ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനാവും. സപ്ലൈകോ വഴി ന്യായവില ചന്തകള്‍ സര്‍ക്കാര്‍ തുറക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.
വില ഉയര്‍ന്നതിനെ മറപിടിച്ച് പൂഴ്ത്തിവെപ്പും അധികവില ഈടാക്കലും നിയന്ത്രിക്കാന്‍ വിപണിയില്‍ കര്‍ശന നിരീക്ഷണത്തിന് സര്‍ക്കാര്‍ നടപടി അനിവാര്യമാണെന്നും കമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ മദനി, എ പി മുഹമ്മദ് അഷ്ഹര്‍, സുധീര്‍ വഴിമുക്ക്, സലാം സഖാഫി, നിസാര്‍ നിരണം, സുനീര്‍ സഖാഫി സംസാരിച്ചു.