National
രാജ്യത്ത് പച്ചക്കറി വില ഇനിയും ഉയര്‍ന്നേക്കും; റിപ്പോര്‍ട്ട്
വിലക്കയറ്റം ദീര്‍ഘകാലത്തേക്ക് തുടരാനാണ് സാധ്യത.
ന്യൂഡല്‍ഹി| രാജ്യത്ത് പച്ചക്കറി വില ഇനിയും വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മണ്‍സൂണ്‍ മഴ ശക്തമായതോടെ വിളകള്‍ നശിച്ചത് കാരണം വരും ദിവസങ്ങളില്‍ വില കുത്തനെ ഉയരുമെന്നും കൂടുതല്‍ കാലം ഈ വില തുടരാനാണ് സാധ്യതയെന്നുമാണ് വിവരം.
രാജ്യത്ത് തക്കാളി വില കിലോയ്ക്ക് 200 രൂപ വരെയാണ്. വരും ദിവസങ്ങളില്‍ ഇത് 300 കടക്കുമെന്ന് സൂചനയുണ്ട്. മൊത്തത്തിലുള്ള ഉപഭോക്തൃ വില സൂചികയില്‍ (സിപിഐ) ആറ് ശതമാനം ഉള്ള പച്ചക്കറി വില ജൂണില്‍ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്. പ്രതിമാസം വില 12 ശതമാനം ഉയര്‍ന്നതായി ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു.
വിലക്കയറ്റം ദീര്‍ഘകാലത്തേക്ക് തുടരാനാണ് സാധ്യത. ഉള്ളി, ബീന്‍സ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി എന്നീ പച്ചക്കറികള്‍ക്കെല്ലാം വില കൂടിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളില്‍ ഭക്ഷണ വിലയും കുത്തനെ ഉയരും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയര്‍ത്താന്‍ ഇത് കാരണമാകും.
തക്കാളിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ മറ്റ് പച്ചക്കറിയുടെ വില ഉയരുന്നത് തിരിച്ചടിയാകും.