Connect with us

vegitables

പച്ചക്കറിക്ക് ക്ഷാമം, വിലക്കയറ്റം

തക്കാളിക്ക് പലയിടത്തും നൂറ് രൂപ

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നതിനൊപ്പം കടുത്ത ക്ഷാമവും നേരിടുന്നു. ഓർഡർ ചെയ്യുന്ന പച്ചക്കറിയുടെ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് കോഴിക്കോട് പാളയത്തെ മൊത്തക്കച്ചവടക്കാർ പറയുന്നത്. 40 ചാക്ക് കാബേജിന് ഓർഡർ ചെയ്ത പാളയത്തെ വ്യാപാരിക്ക് ലഭിച്ചത് 12 ചാക്ക് മാത്രമാണ്. വെള്ളരി 25 ചാക്കിന് ആവശ്യപ്പെട്ടപ്പോൾ കിട്ടിയതാകട്ടെ ഒമ്പത് ചാക്ക്. പച്ചമുളക്, വെണ്ട തുടങ്ങി പ്രധാന ഇനങ്ങൾക്കെല്ലാം കടുത്ത ദൗർലഭ്യത നേരിടുകയാണ്.

ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ പച്ചക്കറി വില അനുദിനം കൂടുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് 35 രൂപ വിലയുണ്ടായിരുന്ന കാബേജിന് ശനിയാഴ്ച മൊത്തവില 42 രൂപയിലെത്തി. നേരത്തേ 10-15 രൂപക്ക് വിറ്റ കാബേജാണിത്.

25 രൂപക്ക് ലഭിച്ചിരുന്ന വെള്ളരിക്ക് 49 രൂപയാണ് ഇപ്പോൾ വില. ഇത് അമ്പത് കടക്കുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള വിവരം. കർണാടകയിൽ നിന്നാണ് കേരളത്തിലേക്ക് കാബേജും വെള്ളരിയും എത്തുന്നത്.

തക്കാളിക്ക് 100 രൂപ കടന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം 80- 82 രൂപയിലെത്തിയിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽ ചിലയിടങ്ങളിൽ ഇപ്പോഴും വില നൂറ് രൂപക്ക് മുകളിലാണ്. തക്കാളി എളുപ്പം കേടാകുന്നതിനാൽ അതുകൂടി കണക്കാക്കിയാണ് ചില്ലറ വിൽപ്പന വില കൂട്ടുന്നത്. വലിയ തക്കാളിയുടെ 26 കിലോ പെട്ടിക്ക് ശനിയാഴ്ച കോഴിക്കോട്ടെ മൊത്തക്കച്ചവട വില 2,200 രൂപയാണ്. ചെറിയ തരം തക്കളി 1,900 രൂപക്ക് വിറ്റു.

വലിയ ഉള്ളി- 37, ചെറിയ ഉള്ളി- 50, ബീൻസ്- 57, റിംഗ് ബീൻസ്- 65 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വില നിലവാരം. കഴിഞ്ഞ മാസം 20ന് 49 രൂപയുണ്ടായിരുന്ന വെണ്ടയുടെ വില 85 രൂപയിലെത്തി. മൂന്നാഴ്ച മുമ്പ് 35 രൂപക്ക് കിട്ടിയിരുന്ന പച്ചമുളകിനും പയറിനും ഇന്നലെ 55 രൂപ കൊടുക്കണം. 55 രൂപയുണ്ടായിരുന്ന ഊട്ടി കാരറ്റിന് രണ്ട് ദിവസം കൊണ്ട് 70 രൂപയായി. തമിഴ്‌നാട് ബീറ്റ്‌റൂട്ട് 40 രൂപക്ക് ലഭിക്കുമെങ്കിലും ഊട്ടിക്ക് 65 രൂപ കൊടുക്കണം.

സംസ്ഥാനത്ത് നിന്ന് ചീര തീരെ ലഭിക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന ചീരക്ക് 30 രൂപയാണ്. ബറോഡ ഇനം മുരിങ്ങക്കായക്ക് 300 ആണ് വില. തമിഴ്‌നാട് ഇനം 180 രൂപക്ക് ലഭിക്കുമെങ്കിലും തീരെ ഡിമാൻഡില്ല. 20- 25 രൂപയായിരുന്ന വഴുതിനക്ക് 55 രൂപ നൽകണം. കിഴങ്ങിന്റെയും ചേനയുടെയും വിലയിലാണ് ആശ്വാസം. രണ്ടിനും 20 രൂപയേ വിലയുള്ളൂ.