National
കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളടക്കം ഏഴ് പേര്‍ മരിച്ചു
നവദമ്പതികളും അവരുടെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
ലക്‌നോ| ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാത 74ല്‍ ആണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഝാര്‍ഖണ്ഡില്‍ വെച്ച് വിവാഹിതരായ നവദമ്പതികള്‍ ബിജ്‌നോറിലെ ധാംപൂരിലുള്ള വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മൊറാദാബാദ് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് പുറപ്പെട്ടത്.ദേശീയ പാതയിലൂടെ സഞ്ചരിക്കവെ റോഡില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ലേന്‍ മാറിയെത്തിയ ഒരു കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
നവദമ്പതികളും അവരുടെ കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ട് പേരെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
മൂടല്‍ മഞ്ഞ് കാരണം ഡ്രൈവര്‍മാര്‍ക്ക് കാഴ്ച പ്രശ്‌നമായെന്ന് ബിജ്‌നോര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് പറഞ്ഞു. കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ ഇയാള്‍ക്കും പരുക്കുണ്ട്.