From the print
തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തും; വരുമാനം കൂട്ടാൻ പുതുവഴി തേടി കെ എസ് ആർ ടി സി
പ്രതിദിന വരുമാനം ഒന്പത് കോടിയാക്കണം • അവലോകന യോഗങ്ങൾ നടത്തണം
പാലക്കാട് | സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കാൻ പുതുവഴി തേടി കെ എസ് ആർ ടി സി. ഓരോ ഡിപ്പോകളിലെയും വരുമാനം വർധിപ്പിക്കുന്നതിന് പുറമെ തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി അധിക വരുമാനമുണ്ടാക്കുന്നതിനാണ് പദ്ധതി ആവിഷ്്കരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കോർപറേഷൻ, നഗരസഭ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ പദ്ധതി വിജയിക്കുകയാണെങ്കിൽ എല്ലാ സർക്കാർ ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ശന്പളവും പെൻഷനും കൃത്യസമയത്ത് നൽകാത്തതിൽ ഹൈക്കോടതി രൂക്ഷവിമർശം ഉന്നയിച്ച സാഹചര്യത്തിലാണ് വരുമാനം വർധിപ്പിക്കുന്നതിന് കർശന നടപടിയുമായി മുന്നോട്ടുവന്നത്.
നിലവിൽ കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം ആറ് മുതൽ ഏഴ് കോടി വരെയാണ്. ഇത് ഒന്പത് കോടിയായി വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ എസ് ആർ ടി സി. എം ഡി ഡിപ്പോ മേധാവികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഓരോ ഡിപ്പോകൾക്കും ടാർഗറ്റും നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡിപ്പോ മേധാവികൾക്ക് സർക്കുലർ അയച്ചിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് കെ എസ് ആർ ടി സി ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്നിവരുടെ സംയുക്ത യോഗം ഓൺലൈനിൽ നടക്കും. ഈ യോഗത്തിൽ ഡിപ്പോ മാനേജർമാർ പങ്കെടുത്ത് വേണ്ട നിർദേശം നൽകണം. ഇനി മുതൽ ഓരോ ഡിപ്പോയിലും മാനേജർ കൃത്യമായ പഠനം നടത്തി വരുമാനമുള്ള റൂട്ടുകളിൽ സർവീസ് നടത്താൻ മുൻഗണന നൽകണം. ഇത്തരം പഠനം നടത്തിയതിന് ശേഷം മാത്രമേ ബസുകളിൽ ജീവനക്കാരെ നിയമിക്കാൻ പാടുള്ളൂ. കെ എസ് ആർ ടി സിയുടെ വരുമാനം വർധിപ്പിക്കുന്നതിനും ടാർഗറ്റ് പൂർത്തീകരിക്കുന്നതിനുമായി പ്രതിദിനം, പ്രതിവാരം, പ്രതിമാസം അവലോകന യോഗങ്ങൾ നടത്തണം. നിലവിൽ ഓരോ ഡിപ്പോയിലും ഒരു കിലോ മീറ്ററിന് 46.06 രൂപ വീതമാണ് പ്രതിദിന വരുമാനം.
ഏറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ യൂനിറ്റിന് 40.21 ലക്ഷം രൂപയാണ് പ്രതിദിനം ലക്ഷ്യമിടുന്നത്. കോഴിക്കോട് (30.01 ലക്ഷം), പാലക്കാട് (23.59 ലക്ഷം), കൊട്ടാരക്കര (23.43 ലക്ഷം), എറണാകുളം (23 ലക്ഷം), പാപ്പനംകോട് (22.88 ലക്ഷം), കണ്ണൂർ (21.51 ലക്ഷം) എന്നിങ്ങനെ പ്രതിദിന വരുമാനം ലഭ്യമാക്കണം.