Connect with us

Kerala

കൊച്ചുവേളിയിലെ വെള്ളക്കെട്ട്;ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ

റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്.

റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്ന സമയം സംബന്ധിച്ച് റെയില്‍വെയുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണം.

തിരുവനന്തപുരത്ത് രാത്രിയില്‍ ഉടനീളം പെയ്ത മഴ തോരാതെ തുടരുകയാണ്. ശക്തമായ മഴയില്‍ തലസ്ഥാന നഗരിയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളില്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകള്‍ വെള്ളിത്തിലാണ്.

രാത്രി ഒരു മണി മുതല്‍ വീടുകളില്‍ വെള്ളം കയറിയെന്ന് നാട്ടുകാര്‍ പറയുന്നു. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരെ ഉള്‍പ്പടെ വീടുകളില്‍ നിന്ന് മാറ്റുകയാണ്. അമ്പലത്തിന്‍കര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഫൈബര്‍ ബോട്ടിലാണ് ആളുകളെ മാറ്റുന്നത്.

തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

 

Latest