VELLAPPALLI NADESAN
വെള്ളാപ്പള്ളിക്ക് ഇപ്പോഴും വൈ കാറ്റഗറി സുരക്ഷ
പ്രതിസ്ഥാനത്തുള്ള നടേശന് ഇപ്പോഴും സുരക്ഷ തുടരുന്നതിനെതിരെ സ്വന്തം സമുദായത്തിൽ നിന്നടക്കം ശക്തമായ എതിർപ്പാണുയരുന്നത്.
ആലപ്പുഴ | കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുള്ള എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇപ്പോഴും വൈ കാറ്റഗറി സുരക്ഷ തുടരുന്നത് ചർച്ചയാകുന്നു. തീവ്രവാദി സംഘടനയായ അൽ ഉമ്മയുടെ പേരിൽ എസ് എൻ ഡി പി യോഗം ആസ്ഥാനമായ കൊല്ലത്തെ ഓഫീസിൽ ലഭിച്ച വധഭീഷണി കത്തിനെ തുടർന്നാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.
2015 നവംബറിൽ കോയമ്പത്തൂരിലെ ആർ എസ്പുരയിൽ നിന്നാണ് ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത്. കത്ത് ലഭിച്ച് രണ്ട് മാസത്തിന് ശേഷം 2016 ജനുവരിയോടെയാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുന്നത്. സി ആർ പി എഫിന്റെ 13 അംഗ സംഘമാണ് തുടക്കത്തിൽ വെള്ളാപ്പള്ളിക്ക് സുരക്ഷയൊരുക്കാനായി കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയിരുന്നത്. ഇവർക്ക് എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി നൽകുകയും ചെയ്തു. എന്നാൽ സുരക്ഷ ഏർപ്പെടുത്തിയ ശേഷം വിവിധ സന്ദർഭങ്ങളിലായി കോടതി ഇടപെടലിൽ വെള്ളാപ്പള്ളിയെ പ്രതിയാക്കി നിരവധി കേസുകൾ എടുത്തിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ള നടേശന് ഇപ്പോഴും സുരക്ഷ തുടരുന്നതിനെതിരെ സ്വന്തം സമുദായത്തിൽ നിന്നടക്കം ശക്തമായ എതിർപ്പാണുയരുന്നത്.
ഏറ്റവുമൊടുവിൽ യൂനിയൻ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കോടതി നിർദേശപ്രകാരം കേസെടുത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരേ കേസിൽ രണ്ട് എഫ് ഐ ആർ ഇടുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. മഹേശന്റെ ബന്ധുക്കളിൽ നിന്നടക്കം പോലീസ് മൊഴിയെടുത്തെങ്കിലും വെള്ളാപ്പള്ളിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കോഴിക്കോട് രക്ഷാപ്രവർത്തനത്തിനിടെ മാൻഹോളിൽ വീണ് മരിച്ച ഓട്ടോ ഡ്രൈവർ നൗശാദിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലും വെള്ളാപ്പള്ളിയെ പ്രതിയാക്കി കേസുണ്ട്.
കോടതി നിർദേശപ്രകാരം പോലീസിൽ കീഴടങ്ങിയ വെള്ളാപ്പള്ളിക്ക് ഉടൻ തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. എസ് എൻ ഡി പിയുടെ മൈക്രോഫൈനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ വെള്ളാപ്പള്ളിക്കെതിരെ നിലനിൽക്കുന്നുണ്ട്. കൊല്ലം ശ്രീനാരായണ കോളജ് സുവർണജൂബിലി ആഘോഷ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിലും വെള്ളാപ്പള്ളി പ്രതിയാണ്.