Kerala
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം; പോലീസില്‍ പരാതി നല്‍കി എഐവൈഎഫ്
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

മലപ്പുറം | എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിനെതിരെ എഐവൈഎഫ് എടക്കര പോലീസില്‍ പരാതി നല്‍കി. എഐവൈഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്.
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഈഴവ സമുദായ അംഗങ്ങള്‍ക്ക് ഇവിടെ സ്വതന്ത്രമായ വായുപോലും ലഭിക്കില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നത്. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം.
ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.