Kerala
വെഞ്ഞാറമൂട് കൂട്ടകൊലപാതകം; അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി
യാതൊരു ഭാവഭേദവുമില്ലാതെയാണ് അഫാന്‍ പോലീസിന് കാര്യങ്ങള്‍ വിവരിച്ചുകൊടുത്തത്.

തിരുവനന്തപുരം| വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയായി. പിതൃസഹോദരന്‍ ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും എലിവിഷം, മുളക് പൊടി, പെപ്‌സി, ചുറ്റിക, സിഗരറ്റ് തുടങ്ങിയവ വാങ്ങിയ കടയിലും അഫാനെ എത്തിച്ച് തെളിവെടുത്തു. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം അഫാന്‍ വലിച്ചെറിഞ്ഞ ലത്തീഫിന്റെ കാറിന്റെ താക്കോല്‍, മൊബൈല്‍ എന്നിവയും പോലീസ് കണ്ടെത്തി. തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് താക്കോല്‍ ലഭിച്ചത്. രണ്ടാംഘട്ട തെളിവെടുപ്പിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് അഫാന്‍ പോലീസിന് കാര്യങ്ങള്‍ വിവരിച്ചുകൊടുത്തത്.
മൂന്നു ദിവസത്തേക്കാണ് കോടതി പ്രതിയുടെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂര്‍ പോലീസാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 24നാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. ഇതിന് പിന്നാലെയാണ് അഫാന്‍ അഞ്ചുപോരെ കൊലപ്പെടുത്തിയത്. ശേഷം അഫാന്‍ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. രാവിലെ പത്തു മണിക്കും ആറു മണിക്കുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്.
അതേസമയം, അഫാനെ കാണണമെന്ന് മാതാവ് ഷെമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.