Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയുടെ മാതാവിന് 65 ലക്ഷം രൂപയുടെ കടബാധ്യത
കൂട്ട ആത്മഹത്യ ചെയ്യാമെന്ന ആലോചനയിലായിരുന്നു മാതാവെന്ന് പ്രതിയുടെ മൊഴി

തിരുവനന്തപുരം | വെഞ്ഞാറമൂട് അഞ്ച് പേരെ കൂട്ടക്കുരുതി ചെയ്തത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാന്റെ (23) മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയം വെച്ച് കിട്ടിയ 74,000 രൂപയില്‍ നിന്ന് 40,000 രൂപ അഫാന്‍ സ്വന്തം അക്കൗണ്ട് വഴി കടക്കാര്‍ക്ക് നല്‍കിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് എസ് എന്‍ പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയെയും കൊലപ്പെടുത്തിയത്.
പിതാവ് റഹീം സഊദിയില്‍ സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. ഇതിനാല്‍ നാട്ടിലേക്ക് പണം അയച്ചിരുന്നില്ല. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാന്‍ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അസ്വസ്ഥനാക്കി. ഇതിനിടെ കൂട്ട ആത്മഹത്യ ചെയ്യാമെന്ന ആലോചനയിലായിരുന്നു മാതാവ്. ഇതെല്ലാം കൊലപാതകത്തിലേക്ക് അഫാനെ പ്രേരിപ്പിച്ചുവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
പിതാവിന് സാമ്പത്തിക ബാധ്യതകളുള്ളതിനാല്‍ അര്‍ബുദബാധിതയായ മാതാവിന്റെ ചികിത്സക്കുള്‍പ്പെടെ നാട്ടുകാരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും പണം കടം വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാന്‍ നടത്തിയതായി വിവരമുണ്ട്. വ്യാഴാഴ്ച അഫാനും ഫര്‍സാനയും സ്വര്‍ണം പണയം വെച്ചത് കടബാധ്യതകളില്‍ ചിലത് തീര്‍ക്കാനായിരുന്നുവെന്നും വിവരമുണ്ട്.