Connect with us

From the print

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്‍ റിമാന്‍ഡില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്‍ അവിടെ പ്രത്യേക സെല്ലില്‍ നിരീക്ഷണത്തില്‍ തുടരും.

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ റിമാന്‍ഡ് ചെയ്തു. പിതൃമാതാവ് സല്‍മാ ബീവിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പാങ്ങോട് പോലീസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് നെടുമങ്ങാട് കോടതി- രണ്ട് മജിസ്ട്രേറ്റ് പി ആര്‍ അക്ഷയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അഫാനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചികിത്സയില്‍ കഴിയുന്ന അഫാന്‍ അവിടെ പ്രത്യേക സെല്ലില്‍ നിരീക്ഷണത്തില്‍ തുടരും. പാങ്ങോട് സി ഐ അറസ്റ്റ് ചെയ്ത ശേഷം അഫാന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഫാന്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഉപയോഗിച്ചത് മദ്യം മാത്രമെന്നുമാണ് രക്ത പരിശോധനാ ഫലം.

കഴിഞ്ഞ ദിവസം വൈകിട്ട് അഫാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. അഫാനെ ഡിസ്ചാര്‍ജ് ചെയ്യേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഇക്കാരണത്താലാണ് മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്യിക്കാന്‍ പോലീസ് തീരുമാനിച്ചത്.

മദ്യത്തില്‍ പെപ്സിയും എലിവിഷവും ചേര്‍ത്ത് കഴിച്ചെന്നാണ് അഫാന്റെ മൊഴി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന സിങ്ക്ഫോസ്ഫൈഡ് അടങ്ങുന്ന എലിവിഷം സാവധാനത്തിലേ കരളിനെ ബാധിക്കൂ എന്നതിനാലാണ് ഈ നിരീക്ഷണം. അതേസമയം, അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. അവര്‍ക്ക് ബോധം വന്നിട്ടുണ്ടെന്നും സംസാരിക്കുകയും ബന്ധുക്കളെ അന്വേഷിക്കുകയും ചെയ്തതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ അവരില്‍ നിന്ന് വിശദമായ മൊഴിയെടുക്കല്‍ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.