Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: ഷെമിക്ക് ബോധം തിരികെ കിട്ടി, ബന്ധുക്കളെ അന്വേഷിച്ചു
ഷെമി അപകടനില പൂര്‍ണ്ണമായും തരണം ചെയ്തു എന്ന് പറയാനായിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

തിരുവനന്തപരും | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗോകുലം മെഡിക്കല്‍ കോളജ് ഡോക്ടര്‍ കിരണ്‍ രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് ബോധം വന്നിട്ടുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോ. കിരണ്‍ രാജഗോപാല്‍ പറഞ്ഞു. ബോധം തിരികെ കിട്ടയതോടെ ഷെമി ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഷെമി അപകടനില പൂര്‍ണ്ണമായും തരണം ചെയ്തു എന്ന് പറയാനായിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നല്ല മുറിവുകളുണ്ട്. സംസാരിക്കാന്‍ പറ്റുന്ന സ്ഥിതിയാണ്. 48 മണിക്കൂറിന് ശേഷം ഒരു സ്‌കാന്‍ കൂടി ചെയ്യേണ്ടതുണ്ട്. അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഡോ.കിരണ്‍ രാജഗോപാല്‍ പറഞ്ഞു
തലയില്‍ മുറിവുകളുണ്ടായിരുന്നു. മുഖത്ത് എല്ലുകള്‍ക്കും തലയോട്ടിക്കും പൊട്ടലുണ്ട്. പോലീസിനെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേ സമയം പ്രതി അഫാന്റെ മാതാവ് ഷെമിയുടെ പക്കല്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനാല്‍ മൊഴിയെടുപ്പിന് അനുമതി കാത്ത് നില്‍ക്കുകയാണ് പോലീസ്.