National
വെന്തുരുകി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; ഡല്‍ഹിയില്‍ താപനില 44 ഡിഗ്രി കടന്നു; യു പിയില്‍ 46.8 ഡിഗ്രി
അടുത്ത 24 മണിക്കൂറിനുള്ളില്‍ കടുത്ത ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി | ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി – 44.2 ഡിഗ്രി സെല്‍ഷ്യസ്. ഡല്‍ഹിയിലെ ആറ് മേഖലകളില്‍ കടുത്ത ഉഷ്ണ തരംഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ 2017ല്‍ ഡല്‍ഹിയില്‍ താപനില 44.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കടുത്ത ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് ചൂടിന് ശമനം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വകുപ്പിന്റെ പ്രവചനം. ജൂണ്‍ 10 ന് ശേഷം, കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാകാനിടയുണ്ട്. ചെറിയ മഴ രേഖപ്പെടുത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, മുംഗേഷ്പൂര്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്, 47.3 ഡിഗ്രി സെല്‍ഷ്യസ്. ഇവിടെ താപനില സാധാരണയില്‍ നിന്ന് 7 പോയിന്റ് കൂടുതലാണ്. സ്പോര്‍ട്സ് കോംപ്ലക്സില്‍ 46.6, പിതംപുര 46.2, നജഫ്ഗഡ് 46.3, സഫര്‍പൂര്‍ 45.1, റിഡ്ജ് ഏരിയയില്‍ 45.7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ ഉയര്‍ന്ന താപനില.
മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ ചൂട് തരംഗം തുടരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേഖലയിലെ 16 നഗരങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
46.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ യുപിയിലെ ബന്ദയാണ് ഏറ്റവും ചൂടേറിയ സ്ഥലം. രാജസ്ഥാനിലെ ഗംഗാനഗറില്‍ 46.7 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.