Kerala
വേദികള്‍ ഉണര്‍ന്നു: കണ്ണും കാതും തുറന്ന് ദേശിങ്ങനാട്
സ്വാഗത നൃത്താ വിഷ്‌കാരത്തോടെയാണ് 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘടന ചടങ്ങുകള്‍ തുടങ്ങിയത്.

കൊല്ലം| ദേശിങ്ങനാട് അതിന്റെ ചരിത്ര സ്മൃതികളില്‍ ഒരിക്കല്‍കൂടി പുളകിതമായി. കേരളത്തിന്റെ കലാ കൗമാരം മാറ്റുരക്കാന്‍ എത്തിയപ്പോള്‍ കൊല്ലം കണ്ണും കാതും ഏകാഗ്രമാക്കി. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
നടി ആശാ ശരത്തിന്റെ നേതൃത്വത്തില്‍ സ്വാഗത നൃത്താ വിഷ്‌കാരത്തോടെയാണ് 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘടന ചടങ്ങുകള്‍ തുടങ്ങിയത്. സിനിമ താരം നിഖില വിമല്‍ സംബന്ധിച്ചു.തുടര്‍ന്ന് വേദികള്‍ ഉണര്‍ന്നു. 12 മണിയോടെ വേദി ഒന്ന് ഒ എന്‍ വി സ്മൃതിയില്‍ എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം തുടങ്ങി. സി എസ് ഐ കണ്‍വെന്‍ഷന്‍ സെന്ററിലെ ഭാരത് മുരളി സ്മൃതിയില്‍ മാര്‍ഗം കളി കാണാന്‍ വലിയ സദസ്സുണ്ടായി. സി കേശവന്‍ മെമ്മോറിയാല്‍ ഹാളിലെ ജയന്‍ സ്മൃതിയില്‍ ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികളുടെ ഭാരതനാട്യം ആരംഭിച്ചു.
ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.
ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. സാംസ്‌കാരിക-മത്സ്യബന്ധന-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും. പതിനാല് സ്‌കൂളുകളിലായി രണ്ടായിരത്തി നാന്നൂറ്റി എഴുപത്തിയഞ്ച് (2475) ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത് (2250) പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് എസ്‌കോര്‍ട്ടിംഗ് ടീച്ചേഴ്‌സിനും സ്‌കൂള്‍ ബസ്സുകളുടെ സഹായത്തോടെ ഇരുപത്തിയാറ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെ എസ് ആര്‍ ടി സി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ നാളെ മുതല്‍ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്. ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചിരിക്കുന്നത്.