Kerala
വിഷ്ണുപ്രിയ വധക്കേസില്‍ വിധി ഇന്ന്
2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം. പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു

കണ്ണൂര്‍ | പ്രണയപ്പകയില്‍ പാനൂരിലെ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രണയപ്പകയെ തുടര്‍ന്നാണ് മാനന്തേരി സ്വദേശി ശ്യാംജിത്ത് 22കാരിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.
ശ്യാംജിത്ത് വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് കേസ്. 2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം. പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകളാണ് വിഷ്ണുപ്രിയ. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.
2023 സെപ്റ്റംബര്‍ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
ശ്യാംജിത്തുമൊത്ത് പോലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിനു സമീപത്തെ കുളത്തില്‍ നിന്ന് ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. 20 സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള വാള്‍, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, ചുറ്റിക, കയര്‍, കൈയുറകള്‍ എന്നിവയാണ് കണ്ടെടുത്തത്.
കേസില്‍ ആകെ 73 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്.