Connect with us

Kerala

പി പി ദിവ്യയുടെ ജാമ്യഹരജിയില്‍ വിധി ഇന്ന്

കോടതി ജാമ്യം നിഷേധിച്ചാല്‍ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും

Published

|

Last Updated

കണ്ണൂര്‍ |  എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പറയുക. കോടതി ജാമ്യം നിഷേധിച്ചാല്‍ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും

ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂറോളം നീണ്ട വാദം നടത്തിയിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം വാദത്തിനിടെ കോടതിയില്‍ സമ്മതിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ പറഞ്ഞു.

കേസില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍.

 

Latest