Connect with us

aluva murder case

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിധി നാളെ

എറണാകുളം പോക്‌സോ കോടതി 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നത്

Published

|

Last Updated

കൊച്ചി | ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിധി നാളെ. എറണാകുളം പോക്‌സോ കോടതി 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നത്. ജൂലൈ 28 നായിരുന്നു കേരളത്തെ നടുക്കിയ സംഭവം നടന്നത്.

പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് ചുമത്തിയത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രത്യേകസംഘമാണ് അന്വേഷണം നടത്തി 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒക്ടോബര്‍ നാലിനു തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് അതിവേഗത്തില്‍ വിധി പറയുന്നത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി. മൂന്നു കുറ്റങ്ങള്‍ക്കു പരമാവധി വധശിക്ഷവരെ ലഭിക്കാം.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ബലാത്സംഗം ചെയ്തത്.

കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ ഉപയോഗിച്ചാണു കഴുത്തു ഞെരിച്ചു കൊന്നത്. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി മാലിന്യങ്ങള്‍ക്കുള്ളില്‍ മൂടി. പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ അന്നു തന്നെ പിടികൂടി. 50 ഓളം സി സി ടി വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പോലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ മുന്‍പും ജയിലില്‍ കിടന്നിട്ടുണ്ട് എന്നതു കുറ്റകൃത്യത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നതാണ്.

 

 

---- facebook comment plugin here -----

Latest