Connect with us

siraj editorial

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന് വെരിഫിക്കേഷന്‍

ബുധനാഴ്ചത്തെ മന്ത്രിസഭാ തീരുമാന പ്രകാരം എയ്ഡഡ്, പൊതുമേഖല, സഹകരണ മേഖലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം അവരുടെ പശ്ചാത്തലം പരിശോധിച്ച് നല്‍കുന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നിയമനത്തിന് അന്തിമാംഗീകാരം നല്‍കുക

Published

|

Last Updated

സ്വാഗതാര്‍ഹമാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങള്‍ക്ക് പോലീസ് പരിശോധന നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ബേങ്കുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങള്‍ക്ക് നിലവില്‍ പോലീസ് പരിശോധന നിര്‍ബന്ധമാണ്. ഇതനുസരിച്ച് സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരാള്‍ ജോലിക്ക് ആദ്യമായി ഹാജരാകുമ്പോള്‍ പോലീസ് വെരിഫിക്കേഷന്‍ അപേക്ഷ പൂരിപ്പിച്ചുനല്‍കണം. ഇത് നിയമന അധികാരി ബന്ധപ്പെട്ട ജില്ലയിലെ എസ് പിക്ക് കൈമാറും. അവിടെ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് അയക്കുന്നു. അവര്‍ അയാളുടെ പശ്ചാത്തലം അന്വേഷിച്ച് എസ് പിക്ക് മറുപടി നല്‍കും. കേസുകളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ നിയമന അധികാരി അക്കാര്യം സര്‍ക്കാറിനെ അറിയിച്ച് തുടര്‍ നടപടികളെടുക്കും. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ പിരിച്ചുവിടുകയും ചെയ്യും. പി എസ് സിയില്‍ ജോലിക്കായി അപേക്ഷിക്കുമ്പോഴുമുണ്ട് കേസുകളുണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തണമെന്ന വ്യവസ്ഥ.

എന്നാല്‍ എയ്ഡഡ്, പൊതുമേഖല, സഹകരണ മേഖല തുടങ്ങിയ മേഖലകളില്‍ നിലവില്‍ ഇത്തരം നിബന്ധനകളൊന്നുമില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ ഈ മേഖലകളില്‍ ജോലി നേടുന്നതായും ഇങ്ങനെ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ പിന്നീട് വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. ഇതടിസ്ഥാനത്തിലാണ് ഈ നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാറിന്റെ പണം സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമാണെന്ന് ജൂലൈ ആറിന് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭാ തീരുമാന പ്രകാരം എയ്ഡഡ്, പൊതുമേഖല, സഹകരണ മേഖലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിച്ച് ഒരുമാസത്തിനകം അവരുടെ പശ്ചാത്തലം പരിശോധിച്ച് നല്‍കുന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നിയമനത്തിന് അന്തിമാംഗീകാരം നല്‍കുക. ഇതിനായി അതാത് സ്ഥാപനങ്ങള്‍ നിയമങ്ങളിലോ ചട്ടങ്ങളിലോ സ്റ്റാറ്റ്യൂട്ടറികളിലോ ബൈലോയിലോ മൂന്ന് മാസത്തിനകം ആവശ്യമായ ഭേദഗതി വരുത്തണമെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പോലീസ് സൂപ്രണ്ട് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് കേസുകളിലും മറ്റും ഉള്‍പ്പെട്ടവരാണെങ്കില്‍ സ്ഥാപന മേധാവി നടപടിക്കായി സര്‍ക്കാറിന് ശിപാര്‍ശ നല്‍കണം. ഗുരുതരമായ കേസുകളില്‍ പ്രതിയായവരെ വിചാരണ തീര്‍ന്ന് കുറ്റവിമുക്തനാകുന്നതുവരെ മാറ്റിനിര്‍ത്തുകയും ചെയ്യും.

സ്‌കൂളുകളിലായാലും സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങളിലായായും സ്ഥാപനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനു ജീവനക്കാരുടെ സ്വഭാവശുദ്ധി ആവശ്യമാണ്. ഇല്ലെങ്കില്‍ മാനേജ്‌മെന്റിനും സര്‍ക്കാറിനും ചീത്തപ്പേരിനു വഴിയൊരുക്കം. വിദ്യാഭ്യാസമെന്നത് പാഠപുസ്തകങ്ങളിലെ അറിവുകള്‍ പഠിതാക്കള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു പ്രക്രിയ മാത്രമല്ല, വിദ്യാര്‍ഥികളുടെ സംസ്‌കരണത്തിനുള്ള വേദി കൂടിയാണ്. ഒരു കാട്ടാളനെ മനുഷ്യനാക്കുന്ന പ്രക്രിയയെന്നാണല്ലോ പ്രമുഖര്‍ വിദ്യാഭ്യാസത്തെ നിര്‍വചിച്ചത്. വിദ്യാഭ്യാസം അര്‍ഥപൂര്‍ണമാകുന്നത് അറിവ് നേടുന്നതോടൊപ്പം സ്വഭാവരൂപവത്കരണവും കൂടി സാധ്യമാകുമ്പോഴാണ്. മൂല്യങ്ങളും നല്ല ശീലങ്ങളും വിദ്യാര്‍ഥികളില്‍ വളര്‍ന്നു വരാന്‍ അതവസരമൊരുക്കണം. ഇക്കാര്യത്തില്‍ പ്രധാനമാണ് അധ്യാപകന്റെ സ്വഭാവശുദ്ധിയും നല്ല സംസ്‌കാരവും. എന്നാല്‍ എയ്ഡഡ് മേഖലയില്‍ അധ്യാപകരുടെ സ്വഭാവ ദൂഷ്യം സംബന്ധിച്ചുള്ള പരാതികള്‍ ഇന്ന് വ്യാപകമാണ്. കേവലം സാമ്പത്തിക താത്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള മാനേജ്‌മെന്റുകളുടെ നിയമന രീതിയാണ് ഇതിനു മുഖ്യകാരണം. പോസ്റ്റിന് കൂടുതല്‍ പണം നല്‍കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് നിയമനമെന്നതാണ് നിലവില്‍ ചില മാനേജ്‌മെന്റുകളുടെ രീതി. ഉദ്യോഗാര്‍ഥികളുടെ മുന്‍കാല ജീവിതത്തെക്കുറിച്ചോ സ്വഭാവശുദ്ധിയെക്കുറിച്ചോ അറിയാന്‍ ശ്രമിക്കാറില്ല. അറിഞ്ഞാല്‍ തന്നെ സാമ്പത്തിക താത്പര്യത്തിനു മുമ്പില്‍ അത് പരിഗണിക്കാറുമില്ല. ഇത് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്.

സഹകരണ ബേങ്കുകളിലുള്‍പ്പെടെ സംസ്ഥാനത്തെ നിരവധി സഹകരണ സ്ഥാപനങ്ങളില്‍ വന്‍തോതിലുള്ള ക്രമക്കേടുകളുടെയും അഴിമതിയുടെയും കഥകള്‍ അടുത്തിടെ പുറത്തു വരികയുണ്ടായി. വന്‍കിട ബേങ്കുകള്‍ സാധാരണക്കാരന് ബാലികേറാമലയായിരുന്ന കാലത്ത് താഴെത്തട്ടിലുള്ള ഗ്രാമീണ ജനതക്ക് പ്രാപ്യമാകുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് സഹകരണ ബേങ്കുകള്‍ സേവന രംഗത്തെത്തിയത്. രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് പൊതുജന വിശ്വാസ്യതയുമുണ്ടായിരുന്നു മുന്‍കാലങ്ങളില്‍. എന്നാല്‍ തുടരെ തുടരെ പുറത്തു വന്ന തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകള്‍ ഇവയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിച്ചു. ഇടപാടുകാര്‍ അറിയാതെ അവരുടെ പേരില്‍ വായ്പ എഴുതിയെടുക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി തട്ടിപ്പുകളാണ് സഹകരണ സ്ഥാപനങ്ങളില്‍ നടന്നു വരുന്നത്. ജീവനക്കാരുടെ സഹകരണത്തോടെയാണ് ഇവയില്‍ മിക്കതും അരങ്ങേറുന്നത്.

നിയമന വേളയില്‍ ജീവനക്കാരുടെ ജീവിത പശ്ചാത്തലവും സ്വഭാവ ശുദ്ധിയും പരിശോധനക്കു വിധേയമാക്കിയിരുന്നെങ്കില്‍ സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ വലിയൊരളവോളം തടയാനും സ്‌കൂളുകളില്‍ നിന്ന് അധ്യാപകരെക്കുറിച്ച് ഉയരുന്ന പരാതികള്‍ കുറക്കാനും സാധിക്കുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം, സര്‍ക്കാര്‍ നല്ല ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന വെരിഫിക്കേഷന്‍ കേവലം ചടങ്ങായി മാറരുത്. പോലീസിന് മറ്റൊരു അഴിമതിക്കുള്ള വേദിയായി പരിണമിക്കുകയും അരുത്. തികച്ചും കാര്യക്ഷമമായിരിക്കണം വെരിഫിക്കേഷന്‍. പല പോലീസ് വെരിഫിക്കേഷനുകളിലും ഇന്ന് പരിശോധനക്കു വിധേയമാക്കപ്പെടുന്ന ആളുടെ സ്വഭാവ ശുദ്ധിക്ക് മാര്‍ക്കിടുന്നത് സാമ്പത്തിക താത്പര്യത്തിന്റെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണെന്നത് രഹസ്യമല്ല.