From the print
അതിതീവ്രം, പക്ഷേ...
സാമ്പത്തിക ഭാരം സംസ്ഥാനത്തിന്റെ ചുമലില്‍ തന്നെ. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ കത്ത്.
തിരുവനന്തപുരം | വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ‘തീവ്രദുരന്ത’മായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്‌സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത ഇക്കാര്യമറിയിച്ചത്.
‘ലെവല്‍ മൂന്ന്’ കാറ്റഗറിയില്‍ വരുന്ന അതിതീവ്ര ദുരന്തമായാണ് വയനാട് ഉരുള്‍പ്പൊട്ടലിനെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേരളം ആവശ്യപ്പെട്ട പ്രത്യേക ധനസഹായ പാക്കേജിനെ കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നില്ല. എങ്കിലും, വിഷയം ഉന്നയിച്ച് കേന്ദ്രത്തിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദം ഫലം കാണുന്നതിന്റെ ആദ്യ സൂചനയായാണ് കത്തിനെ വിലയിരുത്തുന്നത്. ഇനി മുതലുള്ള എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും വയനാട് ഉരുള്‍പൊട്ടലിനെ തീവ്രദുരന്തമായി കണക്കാക്കുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ തീവ്രദുരന്തമായി അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം തേടി ടിങ്കു ബിസ്വാള്‍ ഈ മാസം 28ന് കേന്ദ്രത്തിന് കത്തയച്ചിരുന്നു.
തീവ്ര സ്വഭാവത്തിലുള്ള ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഉരുള്‍പൊട്ടല്‍ പോലെ വിജ്ഞാപനം ചെയ്ത പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ് ഡി ആര്‍ എഫ്) നിന്ന് കണ്ടെത്തണമെന്നാണ് കേന്ദ്ര നിലപാട്. വ്യവസ്ഥാപിത നടപടിക്രമത്തിന് അനുസൃതമായി കേന്ദ്ര മന്ത്രിതല സമിതിയുടെ പരിശോധനയടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ ഡി ആര്‍ എഫ്) നിന്ന് അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന് മാത്രമായി പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവല്‍ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ദുരന്തത്തില്‍ നഷ്ടമായ മനുഷ്യജീവനുകള്‍, കന്നുകാലികള്‍, വിളകള്‍, സ്വത്ത്, തകര്‍ന്ന പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോള്‍ അതിതീവ്രഗണത്തില്‍ ഉള്‍പ്പെടുത്താമെന്ന് അമികസ്‌ക്യൂറി റിപോര്‍ട്ട് നല്‍കിയിരുന്നു.
വയനാട് ദുരന്തം സംബന്ധിച്ച് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് പാര്‍ലിമെന്റിലടക്കം പല കാര്യങ്ങള്‍ പറഞ്ഞുവെങ്കിലും അതിന് ഔദ്യോഗിക സ്വഭാവം കൈവരികയോ അനുബന്ധ നടപടികള്‍ മുന്നോട്ടുനീങ്ങുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തോട് സ്ഥിരീകരണം തേടിയത്. ജൂലൈ 30നാണ് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി നിലവിലില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന്, അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവെക്കുകയായിരുന്നു.