depression in bay of bengal
ബംഗാൾ ഉൾക്കടലിലെ അതി തീവ്രന്യൂനമർദം ഇന്ന് അതി തീവ്രചുഴലിക്കാറ്റാകും
അർധ രാത്രിയോടെ അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത
തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ഇന്ന് അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റാകും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂന മർദം (Depression) ഇന്നലെ അതിതീവ്ര ന്യൂനമർദമായി (Deep Depression ) ശക്തി പ്രാപിച്ചിരുന്നു. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന അതിതീവ്ര ന്യൂന മർദം ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റായും (Cyclonic Storm) ശക്തി പ്രാപിച്ചു.
തുടർന്നു വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഇന്ന് രാവിലെയോടെ തീവ്രചുഴലിക്കാറ്റായും (Severe Cyclonic Storm) അർധ രാത്രിയോടെ അതി തീവ്രചുഴലിക്കാറ്റായും (Very Severe Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ രാവിലെയോടെ വടക്ക് – വടക്ക് കിഴക്ക് ദിശ മാറി മെയ് 13 ഓടെ ശക്തി കുറയാനാണ് സാധ്യത. മെയ് 14ന് രാവിലെ ബംഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാൻമറിലെ ക്യൂക്പ്യൂവിനും ഇടയിൽ പരമാവധി മണിക്കൂറിൽ 130 കി മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
---- facebook comment plugin here -----