Kerala
വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം: ക്രൂരമർദനം നടന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ശരീരത്തിൽ പഴക്കം ചെന്ന മുറിവുകൾ
സിദ്ദാർഥിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.
കൽപ്പറ്റ | വയനാട് പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥൻ കടുത്ത മർദനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സിദ്ദാർഥിന്റെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം വരെ പഴക്കമുള്ള മുറിവുകൾ ഉള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്തിൽ കുരുക്ക് മുറുക്കിയ ഭാഗത്ത് അസാധാരണമായ മുറിവും കണ്ടെത്തിയിട്ടുണ്ട്. സിദ്ദാർഥിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.
സിദ്ധാര്‍ഥനെ സഹപാഠികളും സീനിയര്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. മകനെ മർദിക്കുന്നത് കണ്ടവരുണ്ടെന്നും എന്നാൽ കോളജ് അധികൃതരെയും പ്രതികളെ ഭയന്നാണ് ദൃക്സാക്ഷികളായ കുട്ടികൾ ഇക്കാര്യം പുറത്തുപറയാത്തെന്നും രക്ഷിതാക്കൾ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ ഹോസ്റ്റലിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കുടുംബം ആരോപണവുമായി രംഗത്ത് വന്നതോടെ നടത്തിയ അന്വേഷണത്തിൽ സിദ്ദാർഥ് റാഗിംഗിന് ഇരയായതായി കണ്ടെത്തിയുരന്നു. സംഭവത്തിൽ കോളജിലെ 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.