National
മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കു നേരെ വി എച്ച് പി ആക്രമണം; രണ്ടു മലയാളി വൈദികര്‍ക്കും പരിക്കേറ്റു
പോലീസ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നിലിട്ടാണ് വൈദികരെ മര്‍ദ്ദിച്ചത്

ജബല്‍പൂര്‍ | മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസി സംഘത്തിനു നേരെ വിശ്വഹിന്ദു പരിഷത് (വി എച്ച് പി) പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മലയാളി വൈദികര്‍ക്കും ഗുരുതരമായ പരിക്കേറ്റു.
പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ടും സംഘം മര്‍ദിച്ചുവെന്നു ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങിയ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും ഫാദര്‍ ജോര്‍ജും വെളിപ്പെടുത്തി. വിഎച്ച്പിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിനും ഗുണ്ടായിസം നടന്നതായി അവര്‍ പറഞ്ഞു. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് മര്‍ദ്ദനം അഴിച്ചു വിട്ടത്. വാഹനം തടഞ്ഞ് വിശ്വാസികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ അന്വേഷിക്കാനാണ് വൈദികര്‍ സ്റ്റേഷനില്‍ പോയത്. പോലീസ് സ്റ്റേഷനകത്ത് അക്രമം നടക്കുമ്പോള്‍ പോലീസുകര്‍ നോക്കി നില്‍ക്കുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരുടെ സംഘം പോലീസുകാരുടെ മുന്നില്‍വച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
വൈദികര്‍ ഉള്‍പ്പെടെയുള്ള സംഘം മത പരിവര്‍ത്തനത്തിനു ശ്രമിച്ചതായും അതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നുമുള്ള ആരോപണവുമായി വിശ്വ ഹിന്ദു പരിഷത്ത് രംഗത്തുവന്നു. മണ്ട്‌ലയില്‍ വ്യാപകമായി നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്നും ബസില്‍ യാത്ര ചെയ്യുകയായിരുന്ന പലരുടെയും രേഖകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ ആണെന്ന് മനസിലായെന്നും വി എച്ച് പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ അവകാശപ്പെട്ടു.
മേഖലയിലെ ഒരു ബിഷപ്പ് ശ്രീരാമനെതിരെ മോശം പരാമര്‍ശം നടത്തിയെന്നും വി എച്ച് പി ആരോപിച്ചു. മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ വി എച്ച് പിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകളെത്തി വാഹനം തടയുകയും ആക്രമണം നടത്തുകയുമായിരുന്നു.
വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് ചില ക്രൈസ്തവ സഭകള്‍ രംഗത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ഗീയ നീക്കം നടന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം പി മാര്‍ പാര്‍ലിമെന്റിനു മുന്നില്‍ മുദ്രാവാക്യം മുഴക്കി.