National
അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി എച്ച് പി ഹൈക്കോടതിയിൽ
കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും.
കൊല്‍ക്കത്ത | സിലിഗുരിയിലെ സഫാരി പാര്‍ക്കില്‍ അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിച്ച ബംഗാള്‍ വനം വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.
വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ വിങാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും വി എച്ച് പി വാദിച്ചു. കൂടാതെ അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വി എച്ച് പി പറഞ്ഞു. സിംഹത്തിന്റെ പേര് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. അക്ബര്‍ മുഗള്‍ ചക്രവര്‍ത്തിയും സീത വാല്‍മീകിയുടെ രാമായണത്തിലെ കഥാപാത്രവുമാണ്.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അടുത്തിടെയാണ് സിംഹങ്ങളെ എത്തിച്ചതെന്ന് വന വകുപ്പ് വിശദീകരിച്ചു. ഫെബ്രുവരി 13 ന് സഫാരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെയും എത്തിച്ചതിന് ശേഷം പേര് മാറ്റിയിട്ടില്ലെന്നും വന വകുപ്പ് വ്യക്തമാക്കി.
കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും.