Connect with us

Web Special

ഗോധ്രക്ക് വളരെ മുമ്പ് വി എച്ച് പി വംശഹത്യ ആസൂത്രണം ചെയ്തു

ഹിന്ദു, ഹിന്ദു- മുസ്ലിം പ്രദേശങ്ങളിലെ എല്ലാ മുസ്ലിം വ്യാപാര, വ്യവസായ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് നശിപ്പിച്ചു.

Published

|

Last Updated

ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ബി ബി സി തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ഉദ്ധരിക്കുന്ന ബ്രിട്ടീഷ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ രാജ്യത്തെ ചില സമാന്തര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗുജറാത്ത് വംശഹത്യയിലേക്ക് നയിച്ച പ്രധാന കാരണമായി സംഘ്പരിവാരം ഉയര്‍ത്തിക്കാട്ടുന്ന 2002 ഫെബ്രുവരി 27ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് സംഭവത്തിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ മുസ്ലിം ഉന്മൂലനം വിശ്വ ഹിന്ദു പരിഷത് (വി എച്ച് പി) ആസൂത്രണം ചെയ്തതായി ബ്രിട്ടീഷ് കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം ദി കാരവന്‍ ആണ് പ്രസിദ്ധീകരിച്ചത്.

മുസ്ലിം കടകളുടെയും വീടുകളുടെയും കമ്പ്യൂട്ടറൈസ്ഡ് ലിസ്റ്റ്

ഗോധ്ര ട്രെയിന്‍ ആക്രമണമാണ് വംശഹത്യക്ക് കളമൊരുങ്ങിയതെങ്കിലും, ഗോധ്ര സംഭവിച്ചില്ലെങ്കില്‍ മറ്റൊന്ന് വി എച്ച് പി കണ്ടെത്തുമായിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. തകര്‍ക്കേണ്ട മുസ്ലിം വീടുകളുടെയും വ്യവസായ, വ്യാപാര സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ പട്ടിക അക്രമകാരികളുടെ കൈവശമുണ്ടായിരുന്നു. പോലീസിനെ ബന്ധപ്പെട്ടപ്പോഴാണ് പട്ടിക സംബന്ധിച്ച സ്ഥിരീകരണം ബ്രിട്ടീഷ് സംഘത്തിന് ലഭിച്ചത്. വ്യവസായ സ്ഥാപനങ്ങളില്‍ മുസ്ലിംകളുടെ ഓഹരികള്‍ അടക്കമുള്ള കൃത്യവും വിശദവുമായ കാര്യങ്ങളുണ്ട്. വളരെ മുമ്പ് ആസൂത്രണം ചെയ്തുവെന്നതിന്റെ തെളിവുകളാണിത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ പിന്തുണയോടെയാണ് വി എച്ച് പിയും കൂട്ടാളികളും പ്രവര്‍ത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച, ശിക്ഷയുണ്ടാകില്ലെന്ന പൊതുബോധ അന്തരീക്ഷമാണ് ഇത്രയധികം നാശനഷ്ടമുണ്ടാകുന്നതിലേക്ക് വഴിവെച്ചത്. അതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ മോദി ഉത്തരവാദിയാണ്. രാഷ്ട്രീയ നേട്ടം മാത്രമായിരുന്നില്ല ഇതിന് പ്രേരകം. ബി ജെ പിയുടെ ഹിന്ദു ദേശീയതാ അജന്‍ഡയുടെ ശില്പി എന്ന നിലയില്‍ വി എച്ച് പിയുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുവിശ്വസിക്കുന്നയാളായിരുന്നു മോദി. 1995ല്‍ അധികാരത്തിലെത്തിയത് മുതല്‍ ഹിന്ദു ദേശീയതയാണ് ബി ജെ പിയെ മുന്നോട്ടുനയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുസ്ലിം സ്ത്രീകളെ പോലീസും ബലാത്സംഗം ചെയ്തു

അക്രമത്തിന്റെ വ്യാപ്തിയും മുസ്ലിം വനിതകളെ ബലാത്സംഗം ചെയ്തതില്‍ പോലീസിന്റെ പങ്കാളിത്തവും റിപ്പോര്‍ട്ട് വരച്ചുകാട്ടുന്നു. വിശ്വസനീയ മനുഷ്യാവകാശ സംഘടനകളില്‍ നിന്നുള്ള വിവരമനുസരിച്ച് വംശഹത്യയില്‍ 2,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യാപക രീതിയിലാണ് പല പ്രദേശങ്ങളിലും കൊലപാതകങ്ങളുണ്ടായത്. വ്യവസ്ഥാപിത രീതിയില്‍ മുസ്ലിം വനിതകളെ ബലാത്സംഗവും ചെയ്തു. ചിലയിടങ്ങളില്‍ പോലീസുകാര്‍ തന്നെ മുസ്ലിംകളെ ബലാത്സംഗം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ സമ്മര്‍ദം കാരണമാണ് ഇത് ചെയ്തതെന്നും പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലായെന്ന് ബ്രിട്ടീഷ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1.38 ലക്ഷം പേര്‍ അഭയാര്‍ഥികളായി. 70 അഭയാര്‍ഥി ക്യാമ്പുകളിലായി കഴിയുന്ന അഭയാര്‍ഥികളില്‍ ഒരു ലക്ഷം പേര്‍ മുസ്ലിംകളാണ്. ഹിന്ദു, ഹിന്ദു- മുസ്ലിം പ്രദേശങ്ങളിലെ എല്ലാ മുസ്ലിം വ്യാപാര, വ്യവസായ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് നശിപ്പിച്ചു. മുസ്ലിംകളുടെ കത്തിയമര്‍ന്ന കടകള്‍ക്ക് സമീപം യാതൊരു കുഴപ്പവുമില്ലാതെ ഹിന്ദുക്കളുടെ കടകളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. ഹിന്ദു പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ പുറന്തള്ളുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയായി മോദി തുടരുന്നതിനാല്‍ അനുരഞ്ജനം സാധ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏപ്രില്‍ എട്ട് മുതല്‍ 10 വരെ അഹമ്മദാബാദ് സന്ദര്‍ശിച്ചാണ് യു കെ സംഘം അന്വേഷണം നടത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഇരു സമുദായങ്ങളിലെയും നേതാക്കളെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും വ്യാപാര പ്രമുഖരെയും സംഘം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ സന്ദര്‍ശിച്ചിരുന്നില്ല.

ആളിക്കത്തിച്ച് ഗുജറാത്തി മാധ്യമങ്ങള്‍

കലാപത്തിന്റെ ആദ്യ ദിനം അഞ്ച് സംസ്ഥാന മന്ത്രിമാരാണ് അക്രമസംഭവങ്ങളില്‍ പങ്കാളിയായതെന്നതിന് ദൃക്‌സാക്ഷികളുണ്ട്. ഫെബ്രുവരി 27ന് വൈകിട്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് കണ്ട് ഇടപെടരുതെന്ന് വാക്കാല്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യം ബ്രിട്ടീഷ് സംഘം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചെങ്കിലും കനത്ത സമ്മര്‍ദമുണ്ടായ കാര്യം പോലീസ് സമ്മതിക്കുന്നുണ്ട്. ചില പോലീസുകാര്‍ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്ന് അന്ന് ഡി ജി പിയായ ചക്രവതി സമ്മതിച്ചത് റിപ്പോര്‍ട്ടിലുണ്ട്. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 130 പേരില്‍ പകുതിയും മുസ്ലിംകളായിരുന്നു. സംഘര്‍ഷം ആളിക്കത്തിക്കുന്നതില്‍ ഗുജറാത്തി മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചെന്നും ബ്രിട്ടീഷ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. മുസ്ലിംകള്‍ക്കെതിരെ വിഷലിപ്തമായ ഉപജാപങ്ങളും കിംവദന്തികളും പ്രചണ്ഡവാദങ്ങളും പ്രസിദ്ധീകരിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു ഗുജറാത്തി ഭാഷയില്‍ ഇറങ്ങുന്ന പ്രാദേശിക മാധ്യമങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി അധികാരത്തില്‍ തുടരുന്നതിനാല്‍, മുസ്ലിംകള്‍ ഭയത്തിലും അരക്ഷിതാവസ്ഥയിലും തുടരുമെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. സംഘർഷത്തിൽ വി എച്ച് പി ജയിച്ചിട്ടുണ്ടെങ്കിലും നിയമവാഴ്ച പരാജയപ്പെട്ടു. പോലീസിലോ കോടതിയിലാ ആര്‍ക്കും വിശ്വാസമില്ല. പേടി കാരണം വീടുകളിലേക്ക് മടങ്ങാന്‍ വിമുഖത കാണിക്കുകയാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍. മാര്‍ച്ച് 12 മുതല്‍ 14 വരെ നടന്ന ബി ജെ പി യോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി എ ബി വാജ്പയ് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ മാറ്റിയേക്കുമെന്നും പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest