Connect with us

haryana violence

നൂഹിൽ വി എച്ച് പിയുടെ റാലി വീണ്ടും; തീരുമാനം മഹാപഞ്ചായത്തില്‍

രണ്ടാഴ്ച മുമ്പ് ഈ യാത്രക്കിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

Published

|

Last Updated

പല്‍വാല്‍ | ഹരിയാനയില്‍ കലാപത്തിന് കാരണമായ വിശ്വ ഹിന്ദു പരിഷതി(വി എച്ച് പി)ന്റെ യാത്ര പുനരാരംഭിക്കാന്‍ തീരുമാനിച്ച് പല്‍വാലിലെ മഹാപഞ്ചായത്ത്. ഹിന്ദുത്വ സംഘടനയായ വി എച്ച് പിയുടെ നേതൃത്വത്തിലുള്ള ബ്രജ് മണ്ഡല്‍ യാത്ര ആഗസ്റ്റ് 28ന് നൂഹില്‍ പുനരാരംഭിക്കാനാണ് പല്‍വാലിലെ പോണ്ട്രി ഗ്രാമത്തില്‍ ചേര്‍ന്ന മഹാപഞ്ചായത്ത് തീരുമാനിച്ചത്. രണ്ടാഴ്ച മുമ്പ് ഈ യാത്രക്കിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പശു സംരക്ഷണത്തിൻ്റെ മറവിൽ നിരവധി കൊലപാതകങ്ങൾ നടത്തിയ ബജ്റംഗ്ദൾ നേതാവ് നൂഹിലെ റാലിയിൽ ഉണ്ടാകുമെന്ന് വെല്ലുവിളിച്ചതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കൾ റാലി തടയുകയും കലാപമായി രൂക്ഷമാകുകയുമായിരുന്നു.

നൂഹ് ജില്ലയിലെ നല്‍ഹാറില്‍ നിന്ന് പുനരാരംഭിക്കുന്ന യാത്ര, ഫിറോസ്പൂര്‍ ഝിര്‍കായിലെ ഝിര്‍, സിംഗാര്‍ ക്ഷേത്രങ്ങളിലൂടെയാണ് കടന്നുപോകുക. അധികൃതർ മുന്നോട്ടുവെച്ച വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി, സര്‍വ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടന നടത്തിയ മഹാപഞ്ചായത്തില്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവും ഭീഷണിയും ഉയർന്നിരുന്നു. വിദ്വേഷ പ്രസംഗം ഉണ്ടാകരുതെന്ന വ്യവസ്ഥയോടെയാണ് പോലീസ് മഹാപഞ്ചായത്തിന് അനുമതി നല്‍കിയത്.

വിദ്വേഷ പ്രസംഗം നടത്തരുതെന്ന് പ്രസംഗകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് മഹാപഞ്ചായത്തിന്റെ സംഘാടകര്‍ അവകാശപ്പെടുന്നെങ്കിലും അതൊന്നും മുഖവിലക്ക് എടുത്തിട്ടില്ല. നിങ്ങളൊരു വിരല്‍ പൊക്കിയാല്‍ നിങ്ങളുടെ രണ്ട കൈകളും വെട്ടുമെന്നാണ് ഒരാള്‍ പ്രസംഗിച്ചത്. മറ്റൊരാള്‍ തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

നൂഹ് ജില്ലയില്‍ രണ്ടാഴ്ച മുമ്പ് കലാപത്തിന് കാരണമായ വിശ്വ ഹിന്ദു പരിഷതിന്റെ മാര്‍ച്ച് പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ച എന്ന പേരിലാണ് ഹിന്ദു സമാജ് മഹാപഞ്ചായത്ത് നടന്നത്. നൂഹില്‍ മഹാപഞ്ചായത്ത് നടത്താനാണ് ആസൂത്രണം ചെയ്തതെങ്കിലും പോലീസ് അനുമതി ലഭിക്കാത്തതിനാല്‍ 35 കി മീ അകലെയുള്ള പല്‍വാലിലേക്ക് മാറ്റുകയായിരുന്നു.

Latest