Connect with us

National

താരിഫ് നിരക്ക് കൂട്ടിയതിന് പിന്നാലെ ഡബിള്‍ ഡാറ്റ ഓഫര്‍ നിര്‍ത്തലാക്കി വിഐ

ദിവസവും 4 ജിബി ഡാറ്റ നല്‍കുന്ന പ്ലാനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയ വിഐ മറ്റ് ടെലിക്കോം കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (വിഐ) കുറച്ച് ദിവസം മുമ്പാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെ വിഐയുടെ പ്ലാനുകളില്‍ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന ഡബിള്‍ ഡാറ്റ ഓഫര്‍ കൂടി നിര്‍ത്തലാക്കുകയാണ് കമ്പനി. ചില പ്ലാനുകള്‍ക്കൊപ്പം ഇരട്ടി ഡാറ്റ നല്‍കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. ഈ പ്ലാനിലൂടെ ദിവസവും രണ്ട് ജിബി ഡാറ്റ ആനുകൂല്യമാണ് ഉള്ളത്. ഇതിനൊപ്പം അധികമായി രണ്ട് ജിബി ഡാറ്റ കൂടി നല്‍കുന്നതായിരുന്ന വിഐയുടെ ഡബിള്‍ ഡാറ്റ ഓഫര്‍.

ദിവസവും 4 ജിബി ഡാറ്റ നല്‍കുന്ന പ്ലാനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയ വിഐ മറ്റ് ടെലിക്കോം കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയത്. കൂടുതല്‍ ഡാറ്റ ആവശ്യമുള്ള ആളുകള്‍ വലിയ തോതില്‍ തിരഞ്ഞെടുത്തിരുന്ന പ്ലാന്‍ ആയിരുന്നു ഇത്. ഈ പ്ലാനുകള്‍ അണ്‍ലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകള്‍, ഒടിടി ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കിയിരുന്നു. 299 രൂപ, 449 രൂപ, 699 രൂപ എന്നീ പ്ലാനുകളിലാണ് ഡബിള്‍ ഡാറ്റ ആനുകൂല്യം നല്‍കിയിരുന്നത്. ഈ പ്ലാനുകള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഡബിള്‍ ഡാറ്റ ആനുകൂല്യവും നീക്കം ചെയ്തത്.

ഇനി മുതല്‍ 299 രൂപ, 449 രൂപ, 699 രൂപ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 4 ജിബി ഡാറ്റയ്ക്ക് പകരം 2 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ. കേരളം അടക്കമുള്ള സര്‍ക്കിളുകളിലെ വെബ്‌സൈറ്റുകളില്‍ നിന്നും ഡാറ്റ ആനുകൂല്യം എടുത്ത് മാറ്റിയിട്ടുണ്ട്.

വോഡാഫോണ്‍ ഐഡിയ നേരത്തെ 299 രൂപയ്ക്ക് നല്‍കിയിരുന്ന പ്രീപെയ്ഡ് പ്ലാന്‍ ഇപ്പോള്‍ 359 രൂപയ്ക്കാണ് നല്‍കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. 28 ദിവസത്തേക്ക് 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനൊപ്പം വരിക്കാര്‍ക്ക് വിഐ മൂവീസ് ആന്റ് ടിവി ആനുകൂല്യവും സൗജന്യമായി ലഭിക്കും.

വോഡാഫോണ്‍ ഐഡിയയുടെ 449 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇപ്പോള്‍ 539 രൂപയാണ് വില വരുന്നത്. ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ദിവസവും 2ജിബി ഡാറ്റയാണ് നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങള്‍ നല്‍കുന്നു. കൂടാതെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വിഐ മൂവീസ് ആന്റ് ടിവി സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

ഡബിള്‍ ഡാറ്റ ആനുകൂല്യം നല്‍കിയിരുന്ന വിഐയുടെ ജനപ്രിയ പ്ലാനാണ് 699 രൂപ പ്ലാന്‍. ഈ പ്ലാന്‍ ഇപ്പോള്‍ 839 രൂപയ്ക്കാണ് ലഭിക്കുക. ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് ദിവസവും 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസുകള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മറ്റ് പ്ലാനുകള്‍ക്ക് സമാനമായി 839 രൂപ പ്ലാനും വിഐ മൂവീസ് ആന്റ് ടിവി സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും നല്‍കുന്നു

 

Latest