prathivaram health
വെറുപ്പിന്റെ വൈബ്!
വൻതോതിലുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് വിപണി സമൂഹത്തിൽ വലവിരിക്കുന്നതെങ്കിൽ ജീവിത യാഥാർഥ്യങ്ങളെ നേരിടാൻ ശക്തിയില്ലാതെ, അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് ലഹരി ഉപയോഗങ്ങളുടെ ചതിക്കുഴികളിൽ വീണുപോകുന്നത്.

സഹപാഠികളെ അക്രമങ്ങൾക്കിരയാക്കുന്ന റാഗിംഗ് മുതൽ ബന്ധുക്കളടക്കമുള്ളവരെ കൊന്നുതള്ളുന്ന സംഭവങ്ങൾ വരെ പതിവ് വാർത്തയാവുന്ന ഒരു ‘കറുത്ത കാല’ത്തിലൂടെയാണോ നമ്മുടെ സമൂഹം കടന്നുപേകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാക്ഷരതയിലും സാംസ്കാരിക മേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലങ്ങളായി മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ നിന്ന് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകളാണ് ഓരോ ദിവസവും നമ്മളെ തേടിയെത്തുന്നത്. ആറ് മണിക്കൂറിനുള്ളിൽ അഞ്ച് കൊലപാതകങ്ങൾ അരങ്ങേറിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല ഏറെ നടുക്കുന്നതാണ്. അക്രമവും മരണങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു.
സാംസ്കാരിക നായകന്മാരുടെയും മതപണ്ഡിതന്മാരുടെ നന്മതുളമ്പുന്ന വാക്കുകളെ പിന്തുടർന്ന് മുന്നോട്ടുപോയിരുന്ന നമ്മുടെ സമൂഹം ഈ അടുത്തകാലത്ത് അക്രമത്തിലേക്കും അധാർമികതയിലേക്കും അരാജകത്വത്തിലേക്കും വഴുതിപ്പോകുന്നതിന്റെ സൂചകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കു പിറകിലുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കാനുള്ളത് സമീപകാലത്ത് കണ്ടുവരുന്ന ജീവിതവീക്ഷണങ്ങളിലെ താളപ്പിഴകളാണ്.
ഉയർന്ന വിദ്യാഭ്യാസം ഒരു വ്യക്തിയെ കൂടുതൽ സംസ്കാരസമ്പന്നനാക്കുമെന്നാണ് പണ്ടുകാലം മുതൽ നാം വിശ്വസിച്ച് പോന്നതെങ്കിലും പുതിയ സംവഭവികാസങ്ങൾ അത്തരം വിശ്വാസങ്ങളെ ചോദ്യംചെയ്യുന്നവയാണ്. സമകാലീന സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളിലും കൊലപാതകങ്ങളിലുമെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഉയർന്ന വിദ്യാഭ്യാസം നേടിയവർ തന്നെയാണ്. മികച്ച വിദ്യാഭ്യാസം നേടിയ കുടുംബങ്ങൾ കൂട്ടത്തോെട ആത്മഹത്യ ചെയ്യുന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
പണ്ടൊന്നുമില്ലാത്ത തരത്തിൽ പാശ്ചാത്യ സംസ്കാരങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന പുതുതലമുറ മുതൽ അക്രമങ്ങളും മയക്കുമരുന്നിന്റെ ഉപയോഗവും മഹത്വവത്കരിച്ച് ചിത്രീകരിക്കുന്ന സിനിമകളും വ്യാപകമായി ലഭ്യമാകുന്ന പുതിയ തരത്തിലുള്ള ലഹരിവസ്തുക്കളുമെല്ലാം ഒരു സംഭവത്തിലല്ലെങ്കിൽ മറ്റൊരു സംഭവത്തിൽ വില്ലന്റെ സ്ഥാനത്ത് നിൽപ്പുണ്ട്.
ധാർമികതയെ കൊല്ലുന്ന ലഹരി
മുൻകാലങ്ങളിൽ ഒരു മദ്യപാനിക്ക് സമൂഹം ഏറ്റവും താഴ്ന്ന സ്ഥാനമാണ് കൽപ്പിച്ചുനൽകിയിരുന്നതെങ്കിൽ, പുതികാലത്ത് മദ്യപിക്കാത്തവൻ ‘ഒന്നിനും കൊള്ളാത്ത പച്ചക്കറി’യായി എണ്ണപ്പെടുകയാണ്. മദ്യവും മയക്കുമരുന്നുകളും ജീവിതത്തിന്റെ ഒരു ഭാഗമായി സമൂഹം വളരെ പതുക്കെയാണെങ്കിലും അംഗീകരിക്കുന്നുണ്ടോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു. സമൂഹത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗമെങ്കിലും വിവാഹം പോലുള്ള ആഘോഷാവസരങ്ങളിൽ മദ്യസത്കാരം പരസ്യമായി നടത്തുന്നതും കാണാതിരുന്നുകൂടാ.
പുതിയ തലമുറയെ കാർന്നുതിന്നുന്ന രാസലഹരികളുടെ ഉപയോഗത്തിനും സമൂഹത്തിന്റെ ധാർമികമായ അധഃപതനത്തിൽ വലിയ പങ്കുണ്ട്. കൂട്ടക്കൊലപാതകങ്ങളും കൊടുംക്രൂരതകൾ ഉൾപ്പെടുന്ന അക്രമങ്ങളും നടത്തുന്നതിന് പിറകിൽ ഇത്തരം ലഹരിയുപയോഗങ്ങളുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ല. ലഹരിയുപയോഗിക്കുന്നതോടെ ഒരു വ്യക്തിയുടെ ബോധതലത്തിൽ വലിയ തോതിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ലഹരിവസ്തുക്കൾ ശരീരത്തിലെത്തുന്നതോടെ വ്യക്തിയുടെ മസ്തിഷ്കത്തിലെ ‘പ്രീഫ്രോണ്ടൽ ലോബ്’ (Prefrontal lobe) എന്ന ഭാഗത്തിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും താൻ എന്താണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് ആ വ്യക്തിയെ എത്തിക്കുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും ബോധപൂർവമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ‘പ്രീഫ്രോണ്ടൽ ലോബ്’ ആണ് ഒരാളുടെ വ്യക്തിത്വവും സാമൂഹികമായി പെരുമാറേണ്ട രീതികളെയും രൂപപ്പെടുത്തുന്നത്.
സാഹചര്യത്തിന്റെ സമ്മർദങ്ങൾ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങളാലോ തെറ്റുകളും കുറ്റകൃത്യങ്ങളും നടത്താനുള്ള ഒരു വ്യക്തിയുടെ പ്രേരണകളെ ഇല്ലാതാക്കുന്ന മസ്തിഷ്കത്തിലെ ഈ ഭാഗത്തിന്റെ ഇടപെടൽ കൊണ്ടുതന്നെയാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇത്തരം അപകടകരമായ ചിന്തകളെ നിയന്ത്രിക്കുന്ന ‘പ്രീഫ്രോണ്ടൽ ലോബി’ന്റെ സാന്നിധ്യമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പ് മദ്യം, പുകവലി പോലുള്ള ലഹരികളാണ് സമൂഹത്തിന് ഭീഷണിയുയർത്തിയിരുന്നതെങ്കിൽ ഇന്ന് പുതുതായി രംഗപ്രവേശം ചെയ്ത കഞ്ചാവ്, എം ഡി എം എ തുടങ്ങിയ രാസലഹരികളാണ് വെല്ലുവിളികൾ ഉയർത്തുന്നത്. കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള ഇത്തരം ലഹരികളുടെ ഉപയോഗം കാരണം അത് ഉപയോഗിക്കുന്നവർ തങ്ങൾ എന്താണ് പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലാകുന്നു.
ഇത്തരം സാഹചര്യങ്ങളിലാണ് തങ്ങളെ കഷ്ടപ്പെട്ടും സ്നേഹിച്ചും വളർത്തിയ മാതാപിതാക്കളെപ്പോലും ചിലർ കൊലക്കത്തിക്ക് ഇരയാക്കുന്നത്. ഇവരുടെ മനസ്സിൽ രക്തബന്ധത്തിന്റെ പരിപാവനതയോ നിയമവ്യവസ്ഥയെക്കുറിച്ചുള്ള ബോധമോ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ചുള്ള ഭയമോ ഉണ്ടാകില്ല. ഫലമോ, സമാനതകളില്ലാത്ത ക്രൂരതകളിൽ ഏർപ്പെടാൻ ഇത്തരക്കാർ മടികാണിക്കുകയില്ല. ഒരിക്കൽ ഉപയോഗിച്ചുതുടങ്ങിയാൽ പിന്നീട് അതിന്റെ ഉപയോഗത്തിൽ നിന്ന് രക്ഷനേടാൻ വളരെ പ്രയാസമാണെന്നതാണ് ഇത്തരം രാസലഹരികൾ സൃഷ്ടിക്കുന്ന ഏറ്റവും വലിയ അപകടം.
വിഷം വിൽക്കുന്ന മാഫിയ
വൻതോതിലുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് വിപണി സമൂഹത്തിൽ വലവിരിക്കുന്നതെങ്കിൽ ജീവിത യാഥാർഥ്യങ്ങളെ നേരിടാൻ ശക്തിയില്ലാതെ, അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് ലഹരി ഉപയോഗങ്ങളുടെ ചതിക്കുഴികളിൽ വീണുപോകുന്നത്. കൂട്ടുകൂടി നടക്കുന്ന പ്രായത്തിൽ വെറുതെ ഒരു രസത്തിന് വേണ്ടിയോ മറ്റുള്ളവരുടെ നിർബന്ധത്തെ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലോ ആരംഭിക്കുന്ന ലഹരിയുപയോഗം പിന്നീട് അവരെ മയക്കുമരുന്നുകളുടെ അടിമകളാക്കി മാറ്റുന്നു. ലഹരിക്ക് അടിമപ്പെടുന്നതോടെ ലഹരിവസ്തുക്കൾ വാങ്ങാൻ പണം ആവശ്യമായി വരികയും അത് ലഭ്യമല്ലാത്തവർ മോഷണം, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തേക്കാം. കുറ്റകൃത്യങ്ങൾ പതിവാക്കുന്നതോടെ ഇത്തരക്കാരുടെ സംഘങ്ങളിൽ എത്തിപ്പെടുകയും കൂടുതൽ ലഹരിയുപയോഗത്തിലേക്ക് വീഴുകയും ചെയ്യും. നിലവിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് മയക്കുമരുന്ന് കടത്തും അതിന്റെ സമൂഹത്തിലുള്ള വ്യാപനവും.
ഉണരുക സമൂഹമേ…
വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന ലഹരിയുപയോഗം എന്ന വിപത്തിനെതിരെ കക്ഷിരാഷ്ട്രീയമോ ജാതിമതഭേദമോ മറന്ന് എല്ലാവരും കൈകോർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൻലാഭം ലക്ഷ്യമിട്ട്, തലമുറകളെതന്നെ നശിപ്പിക്കാനൊരുങ്ങിനിൽക്കുന്ന ധാർമികത ഒട്ടുമില്ലാത്ത ലഹരിമാഫിയകളെ വേരോടെ പിഴുതുമാറ്റാൻ എല്ലാ രാഷ്ട്രീയ കക്ഷികളും മതവിഭാഗങ്ങളും ചേർന്ന് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ട്.
മയക്കുമരുന്നുകൾക്കെതിരായ പ്രതിരോധപ്രവർത്തനങ്ങൾ കടലാസുകളിൽ ഒതുങ്ങിപ്പോവുന്ന പതിവ് രീതികളെ തിരിച്ചറിഞ്ഞ് സർക്കാർ ഏജൻസികളുടെ ആഭിമുഖ്യത്തിൽ സന്നദ്ധസംഘടകളുടെയും മത- സാംസ്കാരിക സംഘനകളുടെയും സഹകരണത്തോടെ പ്രായോഗികമായ പദ്ധതികൾ ആസൂത്രണം ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ് വേണ്ടത്. സമൂഹത്തിലെ ലഹരിയുടെ സാന്നിധ്യം തുടക്കത്തിൽതന്നെ കണ്ടെത്തി ഇല്ലാതാക്കാൻ എക്സൈസ്, പോലീസ് എന്നിവക്ക് പുറമെ അധ്യാപകർ, ആരോഗ്യപ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പ്രവർത്തനങ്ങളും അനിവാര്യമാണ്.
(ലേഖകൻ കോഴിക്കോട് ‘ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി’ യുടെ ഡയറക്ടറാണ്)