Connect with us

feature

ദേശങ്ങളുടെ സ്പന്ദനങ്ങൾ

1945 മുതൽ രാജ്യ സഞ്ചാരം നടത്തി മലയാളികൾക്കായി ലോകസംസ്‌കാരങ്ങളുടെ വൈവിധ്യവും മാനവികതയുടെ ഏകതയും വിസ്മയിപ്പിക്കും വിധം തന്റെ തൂലികയിലൂടെ പകർന്നു നൽകിയ അനശ്വര സാഹിത്യകാരനാണ് എസ് കെ പൊറ്റെക്കാട്ട്. ഇങ്ങനെയൊരു സഞ്ചാരിക്ക് ഒരു ദേശത്തിന്റെ കഥയിലെ ഓരോ കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാനുള്ള കഴിവ് അന്യാദൃശമാണ് എന്ന് എടുത്തു പറയേണ്ടതില്ല.

Published

|

Last Updated

വായനക്കാരനെ ഭാവനയുടെ പുതിയ മേച്ചിൽപുറങ്ങളിേലക്ക് നയിച്ച എഴുത്തുകാരനാണ് എസ് കെ പൊെറ്റക്കാട്ട്. നിലയ്ക്കാത്ത യാത്രകളാൽ സഞ്ചാരസാഹിത്യത്തെ മലയാളത്തിൽ വളർത്തിയെടുത്ത എഴുത്തുകാരൻ. ലോകം വിരൽത്തുമ്പിലെത്തുന്ന ഇന്നിനെ അപേക്ഷിച്ച് സൗകര്യങ്ങൾ വളരെ കുറഞ്ഞ ആ കാലത്ത് ദിവസങ്ങളും മാസങ്ങളുമെടുത്ത് നാടായ നാടുകളെല്ലാം ചുറ്റിക്കറങ്ങി, അറിവുകളും അനുഭവവും സമ്പാദിച്ച് സഞ്ചാര സാഹിത്യത്തിൽ എസ് കെ തീർത്ത ലോകമാണ് അദ്ദേഹത്തെ അവിസ്മരണീയനാക്കുന്നത്. നിത്യസഞ്ചാരി എന്ന വിശേഷണത്തിന് അർഹനായിരുന്ന ഇദ്ദേഹത്തിന്റെ ഓരോ യാത്രയും ഓരോ അനുഭവമാണ്. അവ പുതിയ അറിവുകൾ തേടിയുള്ള പ്രയാണങ്ങളായിരുന്നു.

കോഴിക്കോട് 1913 മാർച്ച് 14നാണ് ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന എസ് കെ പൊറ്റക്കാട്ടിൻെറ ജനനം. 1941 മുതൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത എസ് കെ 1945 ലാണ് തിരികെ കോഴിക്കോട് എത്തിയത്. പിന്നീട് കോഴിക്കോട് പുതിയറയിൽ “ചന്ദ്രകാന്തം’ എന്ന വീട് പണിത് അവിടെ താമസമാക്കി.

1947ൽ പുറത്തിറങ്ങിയ കാശ്മീർ ആയിരുന്നു എസ് കെയുടെ ആദ്യ യാത്രാവിവരണം. പാതിരാസൂര്യൻെറ നാട്ടിൽ, യൂറോപ്പിലൂടെ, ലണ്ടൻ നോട്ട് ബുക്ക്, സിംഹഭൂമി, ബാലിദ്വീപ്, നൈൽ ഡയറി തുടങ്ങി ഒരുപാട് സഞ്ചാര സാഹിത്യങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. 1942 ലെ “നാടൻ പ്രേമം’ എന്ന നോവൽ പുറത്ത് വന്നതോടെ മലയാള സാഹിത്യ മണ്ഡപത്തിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചു. 1948ൽ അധിനിവേശത്തിന്റെ വയനാടൻ കഥ പറയുന്ന നോവൽ “വിഷകന്യക’ക്ക് ഇന്നത്തെ സാഹചര്യത്തിൽ കാലിക പ്രസക്തിയേറെയാണ്. 1960 ൽ പുറത്തിറങ്ങിയ “ഒരു തെരുവിൻെറ കഥ’യും ഏറെ ചർച്ച ചെയ്യപ്പെട്ടു. 1971ൽ പ്രസിദ്ധീകരിച്ച “ഒരു ദേശത്തിൻെറ കഥ’യാണ് എസ് കെ പൊറ്റെക്കാട്ടിന്റെ ഏറെ പ്രസിദ്ധമായ നോവൽ. 1973ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം “ഒരു ദേശത്തിൻെറ കഥ’യെ തേടിയെത്തി. 1980ൽ സാഹിത്യലോകം അദ്ദേഹത്തെ ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ചു.

1982 ആഗസ്റ്റ് ആറിന് ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം ജീവിതത്തിൽ നിന്നും യാത്ര തിരിച്ച അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ “ഒരു ദേശത്തിന്റെ കഥ ‘ അരനൂറ്റാണ്ടിനിപ്പുറവും പുനർവായനയിലൂടെ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.

മലയാള വായനാ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ദേശത്തിന്റെ കഥയെന്ന നോവൽ വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്ന വാതായനമാണ്. മലയാള ഭാഷയിലെ മികച്ച അഞ്ച് നോവലുകളെടുത്താൽ അതിലൊന്നായി ഇടം പിടിക്കും എസ് കെ പൊറ്റക്കാട്ടിന്റെ ഈ നോവൽ. ശങ്കരൻ കുട്ടി പൊറ്റെക്കാട് എന്ന എസ് കെ പൊറ്റെക്കാട്ട് തന്റെ ബാല്യം ചെലവഴിച്ച അതിരാണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്.

കഥാനായകൻ ശ്രീധരന്റെ ഗ്രാമമായ അതിരാണിപ്പാടത്തു ജീവിച്ചിരുന്ന കുറെ ആളുകളും അവരുടെ ജീവിതങ്ങളും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് നോവലിന്റെ പ്രതിപാദ്യ വിഷയം. ശ്രീധരന്റെ ജനനം, ബാല്യം, കൗമാരം, യൗവനം അങ്ങനെ അയാൾ കടന്നു പോകുന്ന ഓരോ കാലഘട്ടത്തിലൂടെയും കഥ വികസിക്കുന്നു. ശ്രീധരന്റെ അച്ഛനമ്മമാർ, സഹോദരന്മാർ, കുടുംബം ഇവരിൽ നിന്നൊക്കെ തുടങ്ങി ജീവിതത്തിന്റെ ഓരോ പ്രായത്തിലും അയാൾ കണ്ടുമുട്ടുന്നവരെല്ലാം ഈ നോവലിൽ ഭാഗമാകുകയാണ്.

ഗ്രാമീണ സൗന്ദര്യത്തിനു കാലഘട്ടങ്ങൾക്കനുസരിച്ചുണ്ടായ മാറ്റങ്ങൾക്കൊപ്പം, സ്വാതന്ത്ര്യ സമരവും ലോക മഹായുദ്ധവും മലബാർ കലാപവുമൊക്കെ നാട്ടിൻപുറത്തെ ജീവിതങ്ങളിലുണ്ടാക്കിയ വ്യതിയാനങ്ങൾ പോലും സൂക്ഷ്മമായി അടയാളപ്പെടുത്താൻ പൊറ്റെക്കാട്ടിനു സാധിച്ചിട്ടുണ്ട്! കവിതകളെ സ്‌നേഹിക്കുന്ന ശ്രീധരന്റെ കഥാപാത്രം കുത്തിക്കുറിച്ച വരികളത്രയും എഴുതിച്ചേർത്ത്, പൊറ്റെക്കാട്ട് കവിതയേയും കഥയിലുടനീളം ഇഴചേർക്കുന്നുണ്ട്.

ശ്രീധരന്റെ ജനനം മുതലുള്ള സംഭവ വികാസങ്ങൾ വർണിച്ചാണ് നോവൽ ആരംഭിക്കുന്നത്. അയാളുടെ ഇരുപത് വയസ്സ് വരെയുള്ള ബഹുലമായ സംഭവങ്ങളിലൂടെ സമാന്തരയാത്ര ചെയ്യുന്ന വായനക്കാരനും അതിരാണിപ്പാടത്തിലെ ഒരാളായി പരിണമിക്കുകയാണ്. ശൈശവം മുതൽ കൗമാര യൗവന ദശകളിലൂടെ മധ്യവയസ്സിലെത്തും വരെയും ശ്രീധരനുമായി സമ്പർക്കം പുലർത്തുന്ന നൂറു കണക്കിനു മനുഷ്യർ നോവലിലെ കഥാപാത്രങ്ങളാണ്. ഇവരുടെയും ജീവിതത്തിന്റെ ഒരു നേർചിത്രം നോവലിസ്റ്റ് വിശാലമായ ക്യാൻവാസിൽ വരച്ചു കാട്ടുന്നുണ്ട്.
ദേശത്തിന്റെ കഥയിലെ ഓരോ അധ്യായത്തിലും അഞ്ചും പത്തും കഥാപാത്രങ്ങളുണ്ട്. ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ച അതിരാണിപ്പാടത്തെ ആ മനുഷ്യർ ആയിരത്തോളം വരും. അതിരാണിപ്പാടത്തും മറ്റു ഭൂഖണ്ഡങ്ങളിലും നടത്തിയ പര്യടനങ്ങളിൽ കണ്ട മനുഷ്യരാണ് പൊറ്റക്കാട്ടിന്റെ കഥാസംഭരണി നിറച്ചത്. പല ജാതിയിൽ മതങ്ങളിൽ വേഷങ്ങളിൽ രൂപങ്ങളിൽ പൊറ്റെക്കാട്ട് കഥയിലും നോവലിലും മനുഷ്യരെ അവതരിപ്പിച്ചു.

1945 മുതൽ രാജ്യ സഞ്ചാരം നടത്തി മലയാളികൾക്കായി ലോകസംസ്‌കാരങ്ങളുടെ വൈവിധ്യവും മാനവികതയുടെ ഏകതയും വിസ്മയിപ്പിക്കും വിധം തന്റെ തൂലികയിലൂടെ പകർന്നു നൽകിയ അനശ്വര സാഹിത്യകാരനാണ് എസ് കെ പൊറ്റെക്കാട്ട്. ഇങ്ങനെയൊരു സഞ്ചാരിക്ക് ഒരു ദേശത്തിന്റെ കഥയിലെ ഓരോ കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാനുള്ള കഴിവ് അന്യാദൃശമാണ് എന്ന് എടുത്തു പറയേണ്ടതില്ല.

ഒരു നാടിനെയും അവിടെ ജീവിക്കുന്ന പച്ചയായ മനുഷ്യരെയും കാലങ്ങൾ കടന്നു പോകുമ്പോൾ അവർക്കുണ്ടാകുന്ന മാറ്റങ്ങളെയും ഇത്ര മനോഹരമായി വിവരിക്കുന്ന മറ്റൊരു നോവൽ ഇല്ലെന്നു തന്നെ പറയാം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണ ഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.

ഒരു നോവൽ വായിക്കുന്നതിനേക്കാൾ ഉപരി അതിരാണിപ്പാടം എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ഒരു മാനസികാവസ്ഥ വായനക്കാരിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് സത്യം.
വേലുമൂപ്പന്റെ വീട്ടിൽ നിന്ന് ചിത്രപ്പണികളോടു കൂടിയ ഒരു ചൈനീസ് ഫ്ളവർവേസ് ചോദിച്ചു വാങ്ങി തിരിച്ചു മടങ്ങുന്ന ശ്രീധരൻ കാണുന്ന ഒരു പരസ്യ ബോർഡുണ്ട്. കൊക്കക്കോലയുടെതാണ്. കൊക്കക്കോല കുടിക്കാനിറങ്ങിയ ടൈറ്റ് പാന്റ്സും ടെർലിൻ സ്ലാക്ക് ഷർട്ടും ധരിച്ച പയ്യനിലാണ് നോവലിന്റെ അവസാനം.

ഇവനാരെടാ എന്ന മട്ടിൽ തന്നെ നോക്കുന്ന ഊറാമ്പുലിക്കുപ്പായക്കാരനായ പയ്യനോട് ശ്രീധരൻ മനസ്സിൽ പറയുന്നു.
“അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവൽക്കാരാ അതിക്രമിച്ചു കടന്നതു പൊറുക്കു – പഴയ കൗതുകവസ്തുക്കൾ തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാൻ’
ഒരു ദേശത്തിന്റെ കഥ കോഴിക്കൊട്ടെ തെരുവിന്റെ കഥയാണ് ; തൊട്ടടുത്ത ദേശങ്ങളുടെ കഥയാണ്; മനുഷ്യരുടെ കഥയാണ്. ഗതകാലത്തിന്റെ ചരിത്രത്തിലേക്കൂം സാമൂഹിക ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം വീശുന്ന കൃതിയാണ്.
ഒരു ദേശത്തിന്റെ കഥയുടെ ഇംഗ്ലീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ ഓറിയന്റ് ബ്ലാക്ക് സ്വാൻ പുറത്തിറക്കിയിട്ടുണ്ട്.

1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിന് ലഭിക്കുകയുണ്ടായി. ഒരു ദേശത്തിന്റെ കഥ അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഇന്ന് ഇവിടെ ഞങ്ങൾ സൈബർ ലോകത്താണ്. കൊക്കക്കോല കുടിക്കാൻ വന്ന അന്നത്തെ ചെക്കൻ മരിച്ചു കാണും.എന്നാൽ ശ്രീധരനും അമ്മുക്കുട്ടിയും നാരായണിയും കൃഷ്ണൻമാഷും കിട്ടൻ റൈറ്ററും പെയിന്റർ കുഞ്ഞാപ്പുവുമെല്ലാം വായനക്കാരുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ വായനാ ലോകത്ത് ഒരു ദേശത്തിന്റെ കഥ എന്നും നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും.

Latest