Connect with us

Articles

സിനിമയിലെ വയലന്‍സിന്‍റെ ഇരകള്‍

വര്‍ത്തമാനകാല സിനിമ ഏറെ മാറിയിരിക്കുന്നു. മലയാള സിനിമയിൽ വയലന്‍സിന്‍റെ അതിപ്രസരം പതുപതുക്കെ വ്യാപകമാവുന്നതില്‍ കൊവിഡ് കാലത്ത് അവതരിച്ച ഒ.ടി.ടി സംവിധാനത്തിനും കാര്യമായ പങ്കുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമയെന്ന സ‍ങ്കല്‍പവും വേര് പിടിക്കുന്നത് ഇക്കാലത്താണ്. ഇതിലൂടെ വന്ന കൊടുക്കല്‍ വാങ്ങലുകളില്‍ ഈ വയലന്‍സും പെടും.

Published

|

Last Updated

നിങ്ങള്‍ സിനിമ കണ്ടാലും ഇല്ലെങ്കിലും അത് അവതരിപ്പിക്കുന്ന ക്രൂരതകളുടേയും മനുഷ്യത്വ വിരുദ്ധതയുടേയും എതിര്‍ചലനങ്ങളില്‍ നിന്ന് നിങ്ങളും മുക്തരല്ല എന്നതാണ് സത്യം. അതിന്‍റെ തിക്തഫലങ്ങള്‍ നിങ്ങളോ നിങ്ങളുമായി ബന്ധപ്പെട്ട മറ്റുള്ളവരോ അനുഭവിക്കാതെ തരമില്ലെന്നു പറയുന്നതിന്‍റെ യുക്തി എന്താണെന്ന് നോക്കാം.

ദൃശ്യമാധ്യമങ്ങളുടേയും ഇന്‍റര്‍നെറ്റിന്‍റേയും അധീശത്വത്തെ പൂര്‍ണമായും അവഗണിച്ച് ഒരാള്‍ക്കുപോലും സാധാരണ ജീവിതം സാധ്യമല്ലാത്തതാണ് പുതിയകാലമെന്ന് നമുക്കറിയാം. കൊവിഡ് കാലത്തിന് ശേഷം പ്രൈമറി തലം പിന്നിട്ട വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഫോണുകള്‍ സ്വന്തമായിട്ടുണ്ട്. പഠനത്തിന് മാത്രമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്ന എത്ര ശതമാനം പേരുണ്ടാകും ഇവരിൽ. പഠനത്തിനൊപ്പം ഇന്റർനെറ്റ് ഉപയോഗത്തിനാണ് പലരും കൂടുതൽ സമയം ചെലവഴിക്കുന്നത്.

അവിടെയാണ് സിനിമയുടെ സ്വാധീനം ഗൗരവമാകുന്നത്. സാധാരണ ഇന്‍റര്‍നെറ്റ് , ടെലിവിഷൻ ചാനലുകൾ മുഴുവൻ സിനിമയെ ഉപജീവിച്ചു തന്നെയാണ് പരിപാടികൾ തയ്യാറാകുന്നത്. വാര്‍ത്താചാനലുകള്‍ പോലും സാമൂഹ്യ വിമര്‍ശനത്തിനും പൊളിറ്റിക്കൽ സറ്റയറിനും ഉപയോഗിക്കുന്നത് സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളുമാണ്. മറ്റു ചാനലുകള്‍ ഉപ്പേരിയായും അച്ചാറായും ചട്ട്ണിയായും വിളമ്പുന്നത് സിനിമയിലെ ഭാഗങ്ങള്‍ തന്നെയാണെന്ന് നമുക്കറിയാം. റേഡിയോയും ഇന്‍റര്‍നെറ്റ് ചാനലുകളും സാമൂഹ്യമാധ്യമങ്ങളും നേരിട്ട് ചലച്ചിത്രത്തിന്‍റെ സ്വാധീനനത്തില്‍ തന്നെയാണെന്ന് അറിയാത്തവരായി ആരുണ്ട്! സിനിമകളുടെ പ്രമോഷനും വിമര്‍ശനങ്ങളും സംവാദങ്ങളും മാത്രമല്ല റീല്‍സും അനുകരങ്ങളും വരെ അവിടെയുണ്ട്. രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു വിഭാഗം സിനിമ കാണുന്നത് നിര്‍ത്തിയിട്ടും തിയേറ്ററുകളില്‍ മുക്കാല്‍പങ്കും എന്നെന്നേക്കുമായി അടച്ചുപൂട്ടിയിട്ടും, സിനിമ കാണുന്നതിന്‍റെ സാമ്പത്തികച്ചിലവ് വര്‍ദ്ധിച്ചിട്ടും അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വര്‍ദ്ധിച്ചുവരുന്നത് ഇതുകൊണ്ടുതന്നെയാണ്.

തിരശ്ശീലയിലെ നായകന്‍ ഒരു സിഗരറ്റ് കൊളുത്തുമ്പോള്‍ പ്രേക്ഷകനും വലിക്കാന്‍ തോന്നുന്നത്ര ലളിതമല്ല , ഹിംസയും അക്രമവും നിറഞ്ഞ സിനിമകള്‍ സമൂഹത്തിലുണ്ടാക്കുന്ന ഉണ്ടാക്കുന്ന സ്വാധീനം. ഇങ്ങനെയുള്ള സിനിമകളുടെ പ്രമേയം സാമൂഹ്യ വിരുദ്ധമാകുമ്പോള്‍ എത്ര വലിയ സാമൂഹിക ആഘാതമാണ് ഉണ്ടാക്കുകയെന്ന് ആലോചിച്ചിട്ടുണ്ടോ?. സിനിമകള്‍ ആദര്‍ശപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമാകേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലേ? കഥകളില്‍ ത്രില്ല് കുറയാം, എന്നാലും കലകള്‍ക്ക് ഒരു സാമൂഹ്യപ്രതിബദ്ധതയുണ്ടാവണമെന്ന പക്ഷം ‘അമ്മാവന്‍ സിന്‍ഡ്രോം’ ആകുമോ?

മുമ്പ് കാലത്ത് ആദർശ പ്രതിപത്തി പുലർത്താൻ സിനിമാ നിർമാതാക്കൾ ഒരളവുവരെ ശ്രമിച്ചിരുന്നു. കൃത്രിമമായെങ്കിലും നന്മയുടെ വിജയം ഉറപ്പിക്കാൻ ചില സിനിമകളെങ്കിലും ശ്രമിച്ചിരുന്നു. തനിക്ക് ഇഷ്ടമാണെങ്കിലും തന്‍റെ പുകവലി കാരണം യുവാക്കള്‍ അത് അനുകരിക്കരിക്കരുതെന്ന നിര്‍ബന്ധത്താല്‍ വലി‌ നിര്‍ത്തിയ നായകനടനെ അന്ന് സിനിമയിൽ കണ്ടിരുന്നു.

വര്‍ത്തമാനകാല സിനിമ പക്ഷേ ഏറെ മാറിയിരിക്കുന്നു. മലയാള സിനിമയിൽ വയലന്‍സിന്‍റെ അതിപ്രസരം പതുപതുക്കെ വ്യാപകമാവുന്നതില്‍ കൊവിഡ് കാലത്ത് അവതരിച്ച ഒ.ടി.ടി സംവിധാനത്തിനും കാര്യമായ പങ്കുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമയെന്ന സ‍ങ്കല്‍പവും വേര് പിടിക്കുന്നത് ഇക്കാലത്താണ്. ഇതിലൂടെ വന്ന കൊടുക്കല്‍ വാങ്ങലുകളില്‍ ഈ വയലന്‍സും പെടും.

ഒ.ടി.ടി റിലീസ് മലയാളത്തിന്‍റെ സിനിമാസങ്കല്‍പങ്ങളെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. സൈക്കോപാത്തുകളായ ധാരാളം കഥാപാത്രങ്ങളും അപ്രതീക്ഷിത രംഗങ്ങളും തിയേറ്ററിലേക്ക് പോകാതെയും പോയാല്‍ തന്നെ അവിടെ തിരസ്കരിക്കപ്പെട്ടും‌ മലയാളിയുടെ സ്വീകരണമുറിയിലേക്കും വന്നിട്ടുണ്ട്. തിയേറ്ററില്‍ പോകാന്‍ മടിക്കുന്നവര്‍ക്കും‌ ആന്‍ഡ്രോയ്ഡ് ടി.വിയിലോ കമ്പ്യൂട്ടറിലോ എന്തിന് മൊബൈല്‍ ഫോണില്‍ പോലും സിനിമ കാണാനാവുന്ന വിധം സിനിമയുടെ സ്ഥിതിയാകെ മാറിയിട്ടുണ്ട്.

ഇവിടെയാണ് വയലന്‍സിന്‍റെ അതിപ്രസരമുള്ള ചിത്രങ്ങളും സാമൂഹ്യവിരുദ്ധ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകളും പ്രേക്ഷകരെ പ്രതികൂലമായി സ്വാധീനിക്കുന്നത്. തിയേറ്ററിലായാലും ഓടിടിയിലായാലും വിവിധതരം മാനസികനിലയുള്ള വ്യക്തികളാണ് സിനിമകൾ കാണുന്നത്. മാനസികാരോഗ്യം കുറഞ്ഞ പ്രേക്ഷകരെ ഇത്തരം രംഗങ്ങളും ആശയങ്ങളും സ്വാധീനിക്കും. അത് പലപ്പോഴും സാമൂഹ്യവിരുദ്ധമായുമാവാം. അത്യന്തം അപകടകരമായ സാഹചര്യമാണിത്.

സോഷ്യൽ മീഡിയയില്‍ പലരും വയലന്‍സ് ആധിക്യമുള്ള സിനിമകള്‍ക്ക് അനുകൂലമായി വാദിക്കുന്നുണ്ട്. സിനിമകള്‍ കണ്ടു പ്രേക്ഷകര്‍ വഴി തെറ്റിയതിനുള്ള തെളിവുകളാണവര്‍ ചോദിക്കുന്നത്. ബാലിശമായ ഒരു ചോദ്യമാണിത്. ശരീരത്തില്‍ പരിക്ക് പറ്റുന്നതുപോലെയല്ല , മാനസികാഘാതങ്ങള്‍ സംഭവിക്കുന്നത്. ദുര്‍ബ്ബലമായ മനസ്സുകളില്‍ അത് താല്‍ക്കാലികമായോ സ്ഥിരമായോ ഏല്‍പിക്കുന്ന മുറിവുകള്‍ ഗുരുതരമായേക്കാം. ഏറ്റവും ഗുരുതരമായത് ഇത്തരം ഹിംസകളിലുള്ള നടുക്കം ക്രമേണ മാറുമെന്നതാണ്. അക്രമവും രക്തരൂഷിതമായ കാഴ്ചകളും നോര്‍മലൈസ് ചെയ്യപ്പെടുന്ന സമൂഹത്തിന്‍റെ മാനസിക നിലയെന്താണെന്ന് ഊഹിച്ചുനോക്കൂ.

മൃഗങ്ങള്‍ക്കെതിരേയും കുട്ടികള്‍ക്കെതിരേയും രാഷ്ട്രീയ ,മത സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കെതിരേയുമുള്ള അനീതികളെ കര്‍ശനമായി എതിര്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന സെന്‍സര്‍ ബോര്‍ഡുകള്‍ പക്ഷേ , ഇത്തരം സിനിമകള്‍ക്കെതിരേ ഒരു A അല്ലെങ്കില്‍ A/U സര്‍ടിഫിക്കറ്റ് മാത്രം നല്‍കി തടിയൂരുകയാണ് ചെയ്യുന്നത്. പ്രായപൂർത്തിയായവര്‍ക്ക് മാത്രം എന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടോയെന്ന് നോക്കാന്‍ വേറെ സംവിധാനങ്ങള്‍ നിലവിലില്ല. അതിനാര്‍ക്കും ആവേശവുമില്ല.

ഇതില്‍ രണ്ടു തരം അപകടങ്ങളുണ്ട്.‌ തിയേറ്ററില്‍ മാത്രം വിലക്കുള്ള സിനിമകള്‍ മറ്റു പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ക്ക് യഥേഷ്ടം ലഭ്യമാണ് എന്നത് ഒന്ന്. സാങ്കേതികമായി മാത്രം പ്രായപൂര്‍ത്തിയായ കൗമാരക്കാരുടെ മാനസികനില കൊടും വയലന്‍സ് കാണാന്‍ മാത്രം‌ കരുത്തുള്ളതാണോ എന്ന ചോദ്യം മറ്റൊന്ന്.

എന്തായാലും സംസ്ഥാന സര്‍ക്കാരും രക്ഷിതാക്കളും ഇതിനെതിരേ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഭാവിതലമുറയുടെ മാനസികനില അത്ര ശുഭകരമായിരിക്കില്ല എന്നു തീര്‍ച്ച. ഇതേ തലമുറ തന്നെയാണ് നിയമവും നീതിയും ഭരണവും ആതുരസേവനവുമെല്ലാം കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നത് മറക്കരുത്. വയറുകീറി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് സ്ത്രീയെ കൊല്ലുന്നതൊന്നും സെന്‍സര്‍ ബോര്‍ഡിനും ഏതു കാര്യത്തിലും പൊളിറ്റിക്കൽ കറക്ട്നസ്സ് പരിശോധിക്കുന്ന ന്യൂജനറേഷനും പ്രശ്നമല്ലെങ്കില്‍ അത്ര നിസ്സാരമല്ല കാര്യങ്ങള്‍.