Articles
മര്‍ദിതരുടെ വിജയ ദിനം
ബദ്‌റിലെ വിശുദ്ധ പോരാട്ട ചരിത്രത്തെ ദുര്‍വ്യാഖ്യാനിച്ച് തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്തുന്ന അവാന്തര വിഭാഗങ്ങളും ഇന്ന് നിലവിലുണ്ട്. സമാധാനപരവും നീതിയിലധിഷ്ഠിതവുമായിരുന്നു ദീനിന്റെ വ്യാപനം എന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുകയാണവര്‍. അക്രമപരതയാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മാര്‍ഗവും ലക്ഷ്യവും നന്നാകണമെന്ന സന്ദേശമാണ് ബദ്‌റിലെ യുദ്ധം സമൂഹത്തിന് സമ്മാനിക്കുന്നത്.
വിശുദ്ധ റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച. ഉള്ളുലക്കുന്ന ഒരു വീഡിയോ കണ്ടാണ് അന്നേ ദിവസം ലോകജനത പ്രഭാതമുണര്‍ന്നത്. പ്രധാന മുസ്‌ലിം പുണ്യ കേന്ദ്രമായ അല്‍ അഖ്‌സ മസ്ജിദില്‍ സുബ്ഹി നിസ്‌കാരത്തിന് എത്തിയ വിശ്വാസികള്‍ക്ക് നേരേ യാതൊരു പ്രകോപനവുമില്ലാതെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ നരനായാട്ടിന്റെ ഹൃദയ ഭേദകമായ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. കുട്ടികളെയും പ്രായമായവരെയും വരെ ജൂതപിശാചുക്കള്‍ വെറുതെ വിട്ടില്ല. പരുക്കേറ്റവരെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സുകള്‍ തടഞ്ഞതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
കുറച്ചു മാസങ്ങളായി യുദ്ധവാര്‍ത്തകളാണ് മാധ്യമങ്ങളിലെ പ്രധാന ഇനമെന്ന് പറയാം. മാനവിക മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി നടത്തുന്ന അതിക്രമങ്ങളാണ് അവയില്‍ ഭൂരിഭാഗവും. അമേരിക്കയോട് അനുഭാവം പുലര്‍ത്താനുള്ള യുക്രൈന്‍ നീക്കത്തിനെതിരെ റഷ്യ ആരംഭിച്ച സൈനിക നടപടി ഇപ്പോഴും അവസാനിച്ചിട്ടില്ല. മറ്റൊരു ഭാഗത്ത്, ആഭ്യന്തര യുദ്ധങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറാനാകാതെ നരകിക്കുകയാണ് സിറിയ, ഇറാഖ്, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍.
മനുഷ്യന്‍ സ്വയം ക്ഷണിച്ചു വരുത്തുന്ന ദുരന്തമാണ് യുദ്ധം. നിസ്സാരമായ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയാണ് പലപ്പോഴും കുഴപ്പങ്ങള്‍ തുടങ്ങാറുള്ളത്. പിന്നീട് അത് സമാധാനത്തിന്റെ സകല സീമകളെയും ലംഘിക്കുന്നു. എന്നാല്‍ അപൂര്‍വമായെങ്കിലും, ധര്‍മത്തിന്റെ നിലനില്‍പ്പിന് വേണ്ടിയും ചരിത്രത്തില്‍ യുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. തീര്‍ത്തും അനിവാര്യമായ സാഹചര്യങ്ങളില്‍ നടന്ന പോരാട്ടങ്ങളെ മാത്രമേ നമുക്ക് ആ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. പില്‍ക്കാലത്ത് വലിയ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അവക്ക് സാധിച്ചിട്ടുണ്ട്. അപ്രകാരം നന്മക്ക് വേണ്ടി നടന്നതെന്ന് സര്‍വ പണ്ഡിതന്മാരും ചരിത്രകാരന്മാരും വിലയിരുത്തിയ ഐതിഹാസിക സംഭവമാണ് ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിന് നടന്ന ബദ്‌റിലെ യുദ്ധം.
മാനുഷിക മൂല്യങ്ങള്‍ക്ക് നല്‍കിയ പരിഗണനയാണ് ബദ്‌റിനെ ചരിത്രത്തില്‍ അദ്വിതീയമാക്കുന്നത്. ശത്രുസംഹാരമായിരുന്നില്ല ബദ്‌റില്‍ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരുടെയും ലക്ഷ്യം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് മദീനയിലേക്ക് പലായനം ചെയ്തവരായിരുന്നു അവര്‍. എന്നിട്ടും ശത്രുക്കള്‍ക്ക് കലിയടങ്ങിയില്ല. സര്‍വവിധ ആയുധങ്ങളും സംഭരിച്ച് അവര്‍ മുസ്‌ലിംകളെ സംഹരിക്കാന്‍ കച്ചകെട്ടിയിറങ്ങി. പക്ഷേ, പര്യവസാനം മര്‍ദിത പക്ഷത്തിന് അനുകൂലമായിരുന്നു.
ഏകപക്ഷീയമായ ആക്രമണമായിരുന്നില്ല ബദ്റിലേത്. വിശ്വാസികള്‍ തികഞ്ഞ സംയമനത്തോടെയാണ് യുദ്ധത്തിന് നിദാനമായ വിഷയങ്ങളെ അഭിമുഖീകരിച്ചത്. ശത്രുക്കളുടെ ക്രൂരതകള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ പലതവണ സ്വഹാബികള്‍ സമ്മതം തേടി തിരുനബി(സ)യെ സമീപിച്ചിരുന്നു. എനിക്ക് അതിന് അനുവാദം ലഭിച്ചിട്ടില്ല എന്നായിരുന്നു മറുപടി. അഥവാ കൃത്യമായ കാരണങ്ങളുടെ പശ്ചാത്തലത്തിലാണ് സായുധ സംഘര്‍ഷത്തിന് കളമൊരുങ്ങിയത് എന്ന് ചുരുക്കം. ഖുര്‍ആന്‍ അതേപ്രതി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അക്രമ വിധേയരായിരിക്കുന്നു എന്ന കാരണത്താല്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുന്നവര്‍ക്ക് തിരിച്ചടിക്കാന്‍ ഇതാ അനുമതി നല്‍കുകയാണ്. അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണ് അല്ലാഹു (അല്‍ ഹജ്ജ്: 39). മാത്രമല്ല, ഒരിക്കലും അതിക്രമം പ്രവര്‍ത്തിക്കരുതെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. “നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'(അല്‍ ബഖറ:190).
വാചിക പ്രയോഗങ്ങളില്‍ പോലും എതിരാളികളോട് അധാര്‍മികമായി പ്രതികരിക്കാതെയാണ് തിരുനബി(സ) ബദ്‌റില്‍ വിജയത്തേരിലേറിയത്. കുട്ടികളെയോ സ്ത്രീകളെയോ അക്രമിക്കാന്‍ അവിടുന്ന് ഒരിക്കലും അനുവാദം നല്‍കിയില്ല. തടവുകാരോട് മാന്യമായി സമീപിക്കാന്‍ നിര്‍ദേശിച്ചതും മാതൃകാപരമായിരുന്നു. ഒരു സംഭവം പറയാം. മുസ്‌ലിം സൈന്യം ബദ്‌റിലേക്കുള്ള യാത്രാമധ്യേ അര്‍ഖുല്ലബയ് എന്ന സ്ഥലത്തെത്തി. അവിടെ കണ്ട ഒരാളോട് സേനാംഗങ്ങള്‍ ശത്രുനീക്കങ്ങളെ കുറിച്ച് അന്വേഷിച്ചു. അതിനിടെ പ്രവാചകരോട് അയാള്‍ പരീക്ഷണാര്‍ഥം ചില അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചു. അതുകേട്ട ചില അനുയായികള്‍ പരുഷമായി പ്രതികരിച്ചു. തിരുനബി(സ)ക്ക് അത് ഇഷ്ടമായില്ല. “നീ അയാളെ അസഭ്യം പറയുകയാണോ?’ എന്ന് ചോദിച്ച് മുഖം തിരിക്കുകയാണ് അവിടുന്ന് ചെയ്തത്.
തടവുകാരുടെ വൈജ്ഞാനിക മികവ് ക്രിയാത്മക സാമൂഹിക നിര്‍മിതിക്ക് പ്രയോജനപ്പെടുത്തിയതും ഈ യുദ്ധം എക്കാലത്തേക്കുമായി അവശേഷിപ്പിച്ച മഹിത മാതൃകയാണ്. പരാജിതരെ കേട്ടാലറക്കുന്ന ഹിംസകള്‍ക്ക് വിധേയമാക്കുന്ന പ്രവണത ആധുനിക യുഗത്തില്‍ പോലും അവസാനിച്ചിട്ടില്ല. അവിടെയാണ് തിരുനബി(സ)യുടെ തീരുമാനം ശ്രദ്ധേയമാകുന്നത്. ബദ്‌റില്‍ അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ഖുറൈശികള്‍ വന്‍ സംഖ്യകളാണ് വാഗ്ദാനം ചെയ്തിരുന്നത്. ഓരോരുത്തരുടെയും പ്രാപ്തിക്ക് അനുസൃതമായാണ് സംഖ്യ നിര്‍ണയിക്കപ്പെട്ടത്. മോചനദ്രവ്യം നല്‍കാന്‍ കഴിയാത്തവരില്‍ എഴുത്ത് അറിയുന്നവരോട് മദീനയിലെ നിരക്ഷരരായ പത്ത് പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാനായിരുന്നു നിര്‍ദേശം. സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തിയാണ് സ്വതന്ത്രരായത്. യുദ്ധമുഖത്ത് എത്ര അനുകരണീയമായാണ് ബദ്്രീങ്ങള്‍ പെരുമാറിയതെന്ന് ഈ സംഭവം വിളംബരം ചെയ്യുന്നുണ്ട്. ബദ്‌റില്‍ ഏറ്റുമുട്ടിയ രണ്ട് വിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ഖുര്‍ആന്‍ ഉദ്‌ഘോഷിച്ചതും അതുകൊണ്ടാണ്.
ബദ്‌റിന്റെ ഗുണപാഠം ഉള്‍ക്കൊണ്ടു തന്നെയാണ് ഇസ്‌ലാമിക ചരിത്രത്തിലെ പില്‍ക്കാല പോരാട്ടങ്ങളെല്ലാം നടന്നത്. ശാമിലേക്ക് സൈന്യത്തെ നിയോഗിച്ചപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. “ഓ ജനങ്ങളേ, നില്‍ക്കൂ. പത്ത് കാര്യങ്ങള്‍ ഞാന്‍ ഉണര്‍ത്താം. നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുക. നിങ്ങള്‍ വഞ്ചിക്കരുത്. പരിധി ലംഘിക്കരുത്. ചതിപ്രയോഗം നടത്തരുത്. അംഗവിച്ഛേദം നടത്തരുത്. ചെറിയ കുട്ടികളെയും വൃദ്ധരെയും സ്ത്രീകളെയും കൊല്ലരുത്. ഈത്തപ്പനമരം മുറിക്കുകയോ കരിക്കുകയോ ചെയ്യരുത്. ഫലം കായ്ക്കുന്ന മരം മുറിക്കരുത്. ആടിനെയോ കാലികളെയോ ഒട്ടകത്തെയോ ഭക്ഷിക്കാന്‍ വേണ്ടിയല്ലാതെ കൊല്ലരുത്. നിങ്ങളുടെ വഴിയില്‍ അവരുടെ ആരാധനാ കേന്ദ്രങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന പുരോഹിതരെ കണ്ടാല്‍ അവരെ പാട്ടിന് വിടുക’. ഇത്രയുമായിരുന്നു ആ കല്‍പ്പനകള്‍. ബദ്‌റില്‍ തിരുനബി(സ) അനുവര്‍ത്തിച്ച മാതൃകകളാണ് അബൂബക്കര്‍(റ)നെ ഇപ്രകാരം പറയാന്‍ പ്രേരിപ്പിച്ചത്. മുസ്‌ലിംകള്‍ വന്‍സൈനിക ശക്തിയായി മാറിയ ഘട്ടമായിരുന്നു അതെന്ന് ഓര്‍ക്കണം. എന്നിട്ടും അപക്വമായി അവര്‍ പെരുമാറിയില്ല. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ചരിത്രവും വ്യത്യസ്തമല്ല. മസ്ജിദുല്‍ അഖ്‌സ കീഴടക്കിയപ്പോള്‍ സ്വന്തം ചെലവില്‍ പതിനായിരത്തോളം തടവുകാരെയാണ് അദ്ദേഹം മോചിപ്പിച്ചത്.
ആധുനിക രാഷ്ട്രനേതാക്കള്‍ ബദ്‌റിന്റെ ഈ സന്ദേശം പിന്തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ്. പക്ഷേ, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണവര്‍ പരിശ്രമിക്കുന്നത്. ബദ്‌റിലെ വിശുദ്ധ പോരാട്ട ചരിത്രത്തെ ദുര്‍വ്യാഖ്യാനിച്ച് തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്തുന്ന അവാന്തര വിഭാഗങ്ങളും ഇന്ന് നിലവിലുണ്ട്. സമാധാനപരവും നീതിയിലധിഷ്ഠിതവുമായിരുന്നു ദീനിന്റെ വ്യാപനം എന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുകയാണവര്‍. അക്രമപരതയാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മാര്‍ഗവും ലക്ഷ്യവും നന്നാകണമെന്ന സന്ദേശമാണ് ബദ്‌റിലെ യുദ്ധം സമൂഹത്തിന് സമ്മാനിക്കുന്നത്. ധര്‍മത്തിന്റെ, മാനവികതയുടെ ആ അതുല്യ മാതൃകകള്‍ ജീവിതത്തിലേക്ക് പറിച്ചു നടാനുള്ള ശേഷിയാണ് ആ വിശുദ്ധ ധര്‍മ യുദ്ധത്തെ സ്മരിക്കുന്ന ഈ ദിനത്തില്‍ നാം ആര്‍ജിക്കേണ്ടത്.