Connect with us

From the print

കോണ്‍ഗ്രസ്സിന്റെ വിജയം; സി പി എമ്മിന്റെയും

സംഭവ ബഹുലം തന്നെയായിരുന്നു കേരളത്തിലെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളും. രണ്ട് മുന്നണികളും തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ബി ജെ പി ഒരിക്കല്‍ കൂടി തല കുനിച്ച് നില്‍ക്കുന്നു. ഇത് കേരളമാണെന്ന് ബി ജെ പി ഒരിക്കല്‍ കൂടി കണ്ടറിഞ്ഞിരിക്കുന്നു.

Published

|

Last Updated

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഒരു പോലെ ആഘോഷിച്ച് കോണ്‍ഗ്രസ്സും സി പി എമ്മും. വയനാട്ടില്‍ അതിഗംഭീര വിജയം നേടിയ പ്രിയങ്കാ ഗാന്ധിയും കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്വന്തം പേരില്‍ കുറിച്ച രാഹുല്‍ മാങ്കൂട്ടത്തിലും കോണ്‍ഗ്രസ്സിന് വേണ്ടി വലിയ മുന്നേറ്റം കുറിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിച്ച യു ആര്‍ പ്രദീപ് സി പി എമ്മിന്റെയും സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാറിന്റെ തന്നെയും മാനം കാത്തു.

കുറെ കാലമായി എ ക്ലാസ്സ് സീറ്റെന്ന് വിശേഷിപ്പിച്ചുവന്ന പാലക്കാട് സീറ്റില്‍ ബി ജെ പി അടിപതറി പോകുന്നതാണ് കേരളം കണ്ടത്. മെട്രോമാന്‍ ഇ ശ്രീധരനെ ഒരു നിര്‍ണായക വിജയത്തോട് ഏറെ അടുപ്പിച്ച സീറ്റാണ് പാലക്കാട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നണി ജയിക്കുമെന്നും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകുമെന്നുമൊക്കെ വഴിക്കണക്കുകള്‍ പലതായിരുന്നു. ശ്രീധരനാകട്ടെ, പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറാക്കി കാത്തിരുന്നു. പ്രതീക്ഷകളുടെയും കണക്കുകൂട്ടലുകളുടെയും കൊമ്പത്ത് നിന്ന് നിലംപൊത്തിയെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ കാണിച്ചുതരാം എന്നു തന്നെയായിരുന്നു ബി ജെ പിയുടെ വെല്ലുവിളി. അടുത്ത തിരഞ്ഞെടുപ്പെന്നാല്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പെന്നേ ബി ജെ പി കരുതിയിട്ടുള്ളൂ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റ് കെ സി വേണുഗോപാലിന് കൊടുക്കേണ്ടി വന്നപ്പോള്‍ ഷാഫി പറമ്പിലിന് വടകരയില്‍ നില്‍ക്കേണ്ടി വന്നതും സംഭവ ബഹുലമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചറെ പരാജയപ്പെടുത്തി ഷാഫി പറമ്പില്‍ ഉജ്വല വിജയം നേടിയതും സമീപകാല രാഷ്ട്രീയ ചരിത്രം. ഒഴിവു വന്ന പാലക്കാട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വന്നതോടെ കോണ്‍ഗ്രസ്സിന് മുമ്പില്‍ പുതിയൊരു അധ്യായം തുറക്കുകയായി.
ബി ജെ പിയാകട്ടെ പിന്നെയും പ്രതീക്ഷകളുടെ കൊമ്പത്തെത്തി. സ്ഥാനാര്‍ഥി ആരെന്ന ചോദ്യം പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കിയതോടെ ബി ജെ പിയിലും പ്രശ്‌നങ്ങളുയര്‍ന്നു. പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ പാര്‍ട്ടിയുടെ താര പ്രചാരകരിലൊരാളായ സന്ദീപ് വാര്യര്‍ ബി ജെ പി കൂടുവിട്ട് കോണ്‍ഗ്രസ്സ് കൂട്ടിലേക്ക് ചേക്കേറി. ഷാഫി പറമ്പിലാകട്ടെ, പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസ്സിലും തന്റെ സന്തത സഹചാരിയായ അടൂര്‍ മാങ്കൂട്ടം സ്വദേശി രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്‍കൈയെടുത്തു. വി ഡി സതീശന്റെ പിന്തുണ കൂടിയായപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പിന്നെയും പടലപ്പിണക്കങ്ങള്‍. എങ്കിലും അവസാനം രാഹുല്‍ തന്നെ സ്ഥാനാര്‍ഥിയായി. രാഹുലും ഷാഫി പറമ്പിലും വി ഡി സതീശനും ഒന്നിച്ചെടുത്ത തീരുമാനം തന്നെയായിരുന്നു ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം ഉറക്കെ പറയുകയും ചെയ്തു.
എല്ലാം കൊണ്ടും വി ഡി സതീശന്റെ വിജയം തന്നെയാണിത്. കോണ്‍ഗ്രസ്സില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ നേടുന്ന വിജയങ്ങള്‍ എപ്പോഴും പ്രധാനം തന്നെയാണ്. പ്രത്യേകിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍. ഒരു സംസ്ഥാന പ്രതിപക്ഷ നേതാവിന്റെ പ്രാഗത്ഭ്യം വിലയിരുത്തുമ്പോള്‍ ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന പ്രധാന ഘടകം ആ നേതാവിന് കീഴില്‍ നേടിയിട്ടുള്ള ഉപതിരഞ്ഞെടുപ്പ് വിജയങ്ങളാണ്. തൃക്കാക്കരയിലായിരുന്നു ആദ്യത്തെ ഉപതിരഞ്ഞെടുപ്പ്. പി ടി തോമസ് മരണമടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍. പിന്നെ പുതുപ്പള്ളി. അതാകട്ടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പ്. തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉഷാ തോമസും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മിന്നുന്ന വിജയം നേടി. രണ്ടിനും നേതൃത്വം നല്‍കിയത് വി ഡി സതീശനായിരുന്നു. ഇപ്പോഴിതാ പാലക്കാടും കോണ്‍ഗ്രസ്സിന് മിന്നുന്ന വിജയം. അതിന്റെയും സൂത്രധാരന്‍ സതീശന്‍ തന്നെ.

ഇനി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്. പിന്നെ 2026ലെ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പ്. തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുകയാണ് കോണ്‍ഗ്രസ്സും മുന്നണിയും. സാധാരണ ഒന്നിടവിട്ട ഇടവേളകളില്‍ കൃത്യമായി അധികാരത്തിലെത്തിക്കൊണ്ടിരുന്നതാണ്. അതിന് തടയിട്ടാണ് 2021ല്‍ പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടിയത്. അധികാരത്തിന്റെ ശീതളഛായയില്ലാതെ പൊരിവെയിലത്തിരിക്കുന്ന കോണ്‍ഗ്രസ്സിനെയും മുന്നണി ഘടക കക്ഷികളെയും വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ചുമതലയും ബാധ്യതയും പ്രതിപക്ഷ നേതാവിന് തന്നെയാണ്. 1967ല്‍ ഒമ്പതംഗങ്ങളുടെ നേതാവായി കേരള നിയമസഭയിലെത്തിയ കെ കരുണാകരന്‍ അധികാരം പിടിച്ചെടുത്ത് ചരിത്രം കുറിച്ചതു പോലെ.
ചേലക്കര കൂടി കൈയില്‍ കിട്ടിയിരുന്നുവെങ്കില്‍ സതീശന്റെ മുന്നോട്ടുള്ള വഴി പിന്നെയും എളുപ്പമാകുമായിരുന്നു. ചേലക്കര പക്ഷേ, ഇടതുമുന്നണിയോടൊപ്പം ചേര്‍ന്നു നിന്നു. അത് ഇടതു സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയ ആശ്വാസം ചില്ലറയല്ല. പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ കലഹിച്ച് കോണ്‍ഗ്രസ്സ് വിട്ട ഡോ. പി സരിനെ കൂടെ കൂട്ടിയതും അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ഥിയാക്കിയതും സി പി എമ്മിന് വലിയൊരു പരീക്ഷണമായിരുന്നു. സരിന്‍ ജയിച്ചില്ലെങ്കിലും കുറെകൂടി വോട്ട് നേടി സി പി എമ്മിന്റെ മുഖം രക്ഷിച്ചുവെന്നതും പ്രധാന കാര്യമാണ്. സരിന്‍ വളരെ പ്രഗത്ഭനായ നേതാവാണെന്നും സി പി എം അദ്ദേഹത്തെ ചേര്‍ത്ത് കൂടെ നിര്‍ത്തുന്നുവെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ പറഞ്ഞത് വരാന്‍ പോകുന്ന പാലക്കാടന്‍ രാഷ്ട്രീയത്തിലേക്കുള്ള ഒരു സൂചിക കൂടിയാണ്.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് വലിയ നഷ്ടക്കച്ചവടം തന്നെയായി. പാലക്കാട് തന്നെ പതിനായിരത്തിലേറെ വോട്ടുകളാണ് ബി ജെ പിക്ക് നഷ്ടമായത്. ഉപതിരഞ്ഞെടുപ്പുകളില്‍ ചലനമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ലെന്ന കാര്യം പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു.

ഒരു ദാക്ഷിണ്യവുമില്ലാതെ കേരള വിരോധം പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകള്‍ കേരളീയര്‍ക്കൊക്കെയും മനസ്സിലായിട്ടുണ്ടെന്നതാണ് വസ്തുത. ഏറ്റവുമൊടുവില്‍ ഉരുള്‍പൊട്ടലിന്റെ ഭീകരത നേരിടുന്ന വയനാട്ടിലെ ജനങ്ങളുടെ ദാരുണ സ്ഥിതിക്ക് നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ആ വയനാട്ടില്‍ നിന്നാണ് പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍ ബി ജെ പി സര്‍ക്കാറിനെ നേരിടാനെത്തുക.
അതെ, സംഭവ ബഹുലം തന്നെയായിരുന്നു കേരളത്തിലെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളും. രണ്ട് മുന്നണികളും തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ബി ജെ പി ഒരിക്കല്‍ കൂടി തല കുനിച്ച് നില്‍ക്കുന്നു. ഇത് കേരളമാണെന്ന് ബി ജെ പി ഒരിക്കല്‍ കൂടി കണ്ടറിഞ്ഞിരിക്കുന്നു.

Latest