Ongoing News
കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം: ശശി തരൂര്‍
കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ തുടക്കത്തിലാണ്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വലിയ വിജയം നേടും.
അബൂദബി | ജനങ്ങള്‍ക്ക് ആവശ്യം വികസനവും ക്ഷേമപ്രവര്‍ത്തനവുമാണെന്ന് ശശി തരൂര്‍ എം പി. അബൂദബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതക്ക് ഏറ്റ തിരിച്ചടിയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം.
വികസനത്തിനും ക്ഷേമപ്രവര്‍ത്തനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ പ്രാദേശിക നേതാക്കന്മാരാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ജനങ്ങളുടെ വിജയമാണ് കര്‍ണാടകയിലേത്. ആവശ്യം മനസിലാക്കിയിട്ടാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയിരുന്നത്. ആ ശക്തിയിലാണ് കോണ്‍ഗ്രസ് മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലുള്ള നേതാക്കന്മാര്‍ മുഴുവന്‍ വന്നിട്ടും തിളക്കമാര്‍ന്ന വിജയം നേടിയതെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ തുടക്കത്തിലാണ്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വലിയ വിജയം നേടും. ഈ വര്‍ഷം നാല് സംസ്ഥാനത്ത് കൂടി തിരഞ്ഞെടുപ്പുണ്ടാകും. തെലുങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ജയിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തിരിച്ചുവരും. എല്ലാ തിരഞ്ഞെടുപ്പിലും ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി താഴെക്കിടയിലുള്ള നേതാക്കള്‍ക്ക് അവസരം കൊടുത്ത് അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും തരൂര്‍ പറഞ്ഞു.