Connect with us

From the print

വിജയധ്രുവം

ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. പരമ്പര നേട്ടം (3-1). രോഹിത് 55, ഗില്‍ 52. ജുറേല്‍ പ്ലെയര്‍ ഓഫ് ദ മാച്ച്.

Published

|

Last Updated

റാഞ്ചി | കാറ്റിലെ വഞ്ചിപോലെ റാഞ്ചിയില്‍ ഒന്നുലഞ്ഞെങ്കിലും ശുഭ്മന്‍ ഗിലും ധ്രുവ് ജുറേലും ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര (31) സ്വന്തമാക്കി. അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയില്‍ നടക്കും.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (55) ശുഭ്മന്‍ ഗില്ലും (52 നോട്ടൗട്ട്) അര്‍ധ സെഞ്ച്വറി നേടി. രണ്ട് ഇന്നിംഗ്സിലും നിര്‍ണായക ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഒന്നാം ഇന്നിംഗ്സില്‍ 90 റണ്‍സെടുത്ത ജുറേല്‍ രണ്ടാം ഇന്നിംഗ്സില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 353, 145 ഇന്ത്യ 307, അഞ്ചിന് 192. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് കീഴില്‍ ഇംഗ്ലണ്ട് ഒരു പരമ്പര കൈവിടുന്നത് ഇതാദ്യമാണ്.

വിക്കറ്റ് നഷ്ടം കൂടാതെ 40 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ജയം 152 റണ്‍സ് അകലെയായിരുന്നു. ടീം സ്‌കോര്‍ 84ല്‍ നില്‍ക്കെ യശസ്വി ജയ്സ്വാളിലൂടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 37 റണ്‍സെടുത്ത യശസ്വിയെ ജോ റൂട്ടിന്റെ പന്തില്‍ ആന്‍ഡേഴ്സണ്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ടീം സ്‌കോര്‍ 99 ല്‍ നില്‍ക്കേ, ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (55) മടങ്ങി. ടോം ഹാര്‍ട്്‌ലിക്കാണ് വിക്കറ്റ്. നാലാമനായി ഇറങ്ങിയ രജത് പാട്ടീദാര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. അക്കൗണ്ട് തുറക്കും മുമ്പ് ശുഐബ് ബശീറിന്റെ പന്തില്‍ ഒലീ പോപ്പിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. ഈ പരമ്പരയിലെ ആറ് ഇന്നിംഗ്സുകളില്‍ പാട്ടീദാറിന്റെ പ്രകടനം ഇങ്ങനെ 32, 9, 5,0, 17,0. ഇതോടെ മൂന്ന് വിക്കറ്റിന് നൂറ് റണ്‍സെന്ന നിലയില്‍ പ്രതിസന്ധി നേരിട്ട ഇന്ത്യക്ക് മേല്‍ ശുഐബ് ബശീര്‍ വീണ്ടും കനത്ത പ്രഹരമേല്‍പ്പിച്ചു.

രവീന്ദ്ര ജഡേജയെയും (നാല്), സര്‍ഫറാസ് ഖാനെയും (പൂജ്യം) ബശീര്‍ നിറയുറപ്പിക്കും മുമ്പ് പുറത്താക്കി. ജഡേജയെ ബെയര്‍‌സ്റ്റോ പിടിച്ച് പുറത്താക്കിയപ്പോള്‍ സര്‍ഫറാസ് പോപ്പിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് 36 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റുകള്‍. ഇന്ത്യ 38.2 ഓവറില്‍ അഞ്ചിന് 120. ജയിക്കാന്‍ 72 റണ്‍സ് കൂടി. ഇതോടെ, ഇംഗ്ലണ്ട് ബൗളിംഗ് ആക്രമണം കടുപ്പിച്ചെങ്കിലും ഗില്ലും ജുറേലും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

നേട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും
റാഞ്ചി ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ നില ഭദ്രമാക്കി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റും വിജയശതമാനവും മെച്ചപ്പെടുത്തി. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും അടക്കം 62 പോയിന്റാണ് ഇന്ത്യക്കുള്ളത്.

വിജയശതമാനം 59.52ല്‍ നിന്ന് 64.58 ആയി ഉയര്‍ന്നു. നാല് ടെസ്റ്റുകളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയിന്റും 75 വിജയശതമാനവുമുള്ള ന്യൂസിലാന്‍ഡാണ് ഒന്നാമത്.

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആസ്ത്രേലിയക്ക് പത്ത് മത്സരങ്ങളില്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 66 പോയിന്റുണ്ടെങ്കിലും 55 വിജയശതമാനം മാത്രമേയുള്ളൂ. ബംഗ്ലാദേശ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് പിന്നിലായി എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്.

 

 

Latest