Connect with us

Ongoing News

രഞ്ജിയില്‍ വിജയം വിദര്‍ഭയ്ക്ക്; പൊരുതി വീണ് കേരളം

ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ വിജയം നേടുകയായിരുന്നു.

Published

|

Last Updated

നാഗ്പുര്‍ | രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭ ചാമ്പ്യന്മാര്‍. ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ വിജയം നേടുകയായിരുന്നു. വിദര്‍ഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. സീസണില്‍ തോല്‍വിയറിയാതെ തലയുയര്‍ത്തിയാണ് കേരളത്തിന്റെ മടക്കം.

ആദ്യ ഇന്നിങ്‌സില്‍ 379 റണ്‍സെടുത്ത വിദര്‍ഭ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് നേടി. 342 ആണ് കേരളത്തിന്റെ പ്രഥമ ഇന്നിങ്‌സില്‍ പിറന്നത്.

വിദര്‍ഭക്കായി ശതകം (135) നേടിയ കരുണ്‍ നായരും 73 റണ്‍സ് നേടിയ ഡാനിഷ് മലേവാറുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. കേരളത്തിനായി ആദിത്യ സര്‍വാതെ 96 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തപ്പോള്‍ നെടുമാന്‍കുഴി ബേസില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ കേരളം വിദര്‍ഭയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡാനിഷ് മലേവാറിന്റെ സെഞ്ച്വറി (153)യുടെയും കരുണ്‍ നായരുടെ 86 റണ്‍സിന്റെയും കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും മൂന്ന് വീതം വിക്കറ്റ് നേടി.

കേരളത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ശതകത്തിനരികെ വിക്കറ്റ് നഷ്ടമായ സച്ചിന്‍ ബേബിയും 79 റണ്‍സെടുത്ത് ആദിത്യ സര്‍വാതെയുമാണ് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിദര്‍ഭക്കായി ദര്‍ശന്‍ നല്‍കാണ്ഡെയും പാര്‍ത്ത് റെഖാഡെയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.