Connect with us

police brutality

VIDEO | ആശുപത്രിയില്‍ സംഘര്‍ഷത്തിന് ശ്രമിച്ചുവെന്ന് ആരോപണം; കൈകുഞ്ഞിനോടും യുവാവിനോടും യു പി പോലീസ് ക്രൂരത

മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ ഇയാളെ പോലീസ് പിന്തുടര്‍ന്ന് കുട്ടിയെ കയ്യില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിച്ചു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് പോലീസിന്റെ അമിതാധികാര പ്രയോഗത്തിന്റേയും കണ്ണില്ലാത്ത ക്രൂരതയുടേയും മറ്റൊരു ഉദാഹരണം കൂടി പുറത്ത്. കൈകുഞ്ഞുമായി പോകുകയായിരുന്ന ആളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആദ്യം യുവാവിനെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ കയ്യില്‍ നിന്നും കുട്ടിയെ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതായും ദൃശ്യത്തില്‍ കാണാം.

ഉച്ചയോടെ കാണ്‍പൂരിലെ ഡഹത്തില്‍ അക്ബര്‍പൂര്‍ പട്ടണത്തിലെ ജില്ലാ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിക്ക് വേദനിക്കുമെന്ന് പറഞ്ഞ് മര്‍ദ്ദിക്കരുതെന്ന് ഇയാള്‍ പോലീസിനോട് അപേക്ഷിക്കുന്നതായും വീഡിയോയില്‍ കാണാം. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ ഇയാളെ പോലീസ് പിന്തുടര്‍ന്ന് കുട്ടിയെ കയ്യില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. മാതാവില്ലാത്ത കുട്ടിയാണെന്ന് കുഞ്ഞിനായി ഇയാള്‍ പോലീസിനോട് അപേക്ഷിക്കുന്നതായും കാണാം.

എന്നാല്‍, വളരെ ചെറിയ രീതിയിലുള്ള ബലപ്രയോഗം മാത്രമാണ് ഉണ്ടായതെന്ന് പിന്നീട് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിനെ ന്യായീകരിച്ചു. ആശുപത്രയിലെത്തിയ രോഗികളെ ഭയപ്പെടുത്തി തിരിച്ചയക്കാനും ക്രമസമാധാന നില തകിടം മറിക്കാനും ശ്രമിച്ച ചിലര്‍ക്കെതിരെയുള്ള നടപടിയായിരുന്നു നടന്നതെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഘനശ്യാം ചൗരസ്യ പറഞ്ഞു.

എന്നാല്‍, പിന്നീട് ഇതിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടരെ ചുമതലയില്‍ നിന്ന് നീക്കിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest