National
ഏക്നാഥ് ഷിൻഡെയെ വിമർശിച്ച് വീഡിയോ; സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കാമ്‌റക്കെതിരെ 'യുദ്ധം' പ്രഖ്യാപിച്ച് ശിവസേന
ഖാറിലെ ഒരു ഹോട്ടൽ ശിവസേനക്കാർ അടിച്ചു തകർത്തു.

മുംബൈ | മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ പരിഹസിച്ച് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കാമ്‌റ യൂട്യൂബിൽ വീഡിയോ പുറത്തിറക്കിയതിനെ തുടർന്ന് മുംബൈയിൽ ശിവസേന പ്രവർത്തകർ അക്രമാസക്തരായി. ഖാറിലെ ഒരു ഹോട്ടൽ ശിവസേനക്കാർ അടിച്ചു തകർത്തു. കാമ്‌റയുടെ ഷോ റെക്കോർഡ് ചെയ്ത ഹോട്ടൽ യൂണികോണ്ടിനെന്റലിന് നേരെയാണ് ആക്രമണമുണ്ടായത്. ശിവസേന പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറി പരിസരം നശിപ്പിച്ചു. ‘ദിൽ തോ പാഗൽ ഹേ’ എന്ന സിനിമയിലെ ഹിന്ദി ഗാനം പരിഷ്കരിച്ച് ഷിൻഡെയെ പരിഹസിക്കുന്ന കാമ്‌റയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ആക്രമണം. ഷിൻഡെയെ ‘രാജ്യദ്രോഹി’ യായി ചിത്രീകരിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
കാമ്‌റ രണ്ട് ദിവസത്തിനകം മാപ്പ് പറയണമെന്ന് ശിവസേന എം.എൽ.എ മുർജി പട്ടേൽ ആവശ്യപ്പെട്ടു. എം ഐ ഡി സി പോലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതിയിൽ ഫയൽ ചെയ്തു. കാമ്‌റയെ രൂക്ഷമായി വിമർശിച്ച ശിവസേന എം.പി നരേഷ് മസ്‌കെ, ‘കൂലിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹാസ്യനടൻ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പരാമർശങ്ങൾക്ക് അദ്ദേഹം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മസ്‌കെ കൂട്ടിച്ചേർത്തു.
“ഞങ്ങൾ ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്, കുനാൽ കാമ്‌റക്ക് മഹാരാഷ്ട്രയിലോ രാജ്യത്തോ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. കുനാൽ കാമ്‌റക്ക് തക്കതായ മറുപടി ലഭിക്കും, അദ്ദേഹം വന്ന് തന്റെ തെറ്റിന് മാപ്പ് പറയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുർവേദി കാമ്‌റയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അവർ ഇങ്ങനെ എഴുതി, “പ്രിയ കുനാൽ, ശക്തമായി നിൽക്കുക. നിങ്ങൾ തുറന്നുകാട്ടിയ വ്യക്തിയും സംഘവും നിങ്ങളെ പിന്തുടരും, അദ്ദേഹത്തിന്റെ കൂലിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും പിന്തുടരും, എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ഈ വികാരം പങ്കുവെക്കുന്നുണ്ടെന്ന് മനസ്സിലാക്കുക! വോൾട്ടയർ പറഞ്ഞതുപോലെ~ നിങ്ങളുടെ മനസ്സ് തുറന്ന് സംസാരിക്കാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും.”