Connect with us

Kasargod

വിദ്യാനഗര്‍ സ്റ്റേഡിയം റോഡ് ഇനി എസ് എം ഗവാസ്‌കര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡ്

പത്മഭൂഷണ്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍ സ്വിച്ച് ഓണ്‍ കര്‍മ്മത്തിലൂടെ നാമകരണം ചെയ്തു. കേരളം രഞ്ജി ട്രോഫി നേടട്ടെ എന്ന് ആശംസിച്ച് ഗവാസ്‌കര്‍.

Published

|

Last Updated

കാസര്‍കോട് | ഇത്തവണ കേരളം രഞ്ജി ട്രോഫി നേടട്ടെ എന്ന് ആശംസിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം പത്മഭൂഷണ്‍ സുനില്‍ മനോഹര്‍ ഗവാസ്‌കര്‍. താനൊരു മുംബൈക്കാരനാണെങ്കിലും നേരത്തെ മുബൈ ട്രോഫി നേടിയതിനാല്‍ ഇത്തവണ കേരളത്തിന് അത് ലഭിക്കണമെന്ന് താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ വിദ്യാനഗര്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് എസ് എം ഗവാസ്‌കര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന് സ്വിച്ച് ഓണ്‍ കര്‍മ്മത്തിലൂടെ നാമകരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭയുടെ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ഗവാസ്‌കര്‍. നിരവധി കായികതാരങ്ങളെ ഇന്ത്യക്ക് സംഭാവന ചെയ്ത മണ്ണാണ് കേരളമെന്നും ഈ നാടിന്റെ സ്നേഹവും ആദരവും ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. തന്റെ ജന്മനാടായ മുബൈയില്‍ ഒരു റോഡിനു പോലും തന്റെ പേര് നല്‍കിയിട്ടില്ല. അതിന് തയ്യാറായ കാസര്‍കോട് നഗരസഭയോടുള്ള നന്ദി അദ്ദേഹം അറിയിച്ചു.

വിദ്യാനഗര്‍ സ്റ്റേഡിയം റോഡില്‍ നിന്നും തുറന്ന വാഹനത്തില്‍ വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ ഗവാസ്‌കറെ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ആനയിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സൈദ അബ്ദുല്‍ഖാദര്‍ സുനില്‍ ഗവാസ്‌കറിനെ പരിചയപ്പെടുത്തി.

കേരള പോലീസിന്റെ ലഹരി മുക്ത കാമ്പയിനായ സേഫ് കേരള പദ്ധതിയുടെ ലോഗോ സുനില്‍ ഗവാസ്‌കര്‍ പ്രകാശനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് പി ബാലകൃഷ്ണന്‍ നായര്‍ പങ്കെടുത്തു.

 

Latest