Connect with us

Business

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് വിയത്‌നാം പ്രധാനമന്ത്രി

ആസിയാന്‍ വിപണിയിലെ പ്രധാന രാജ്യങ്ങളിലൊന്നായ വിയത്‌നാമിലെ ലുലുവിന്റെ സാന്നിധ്യം വിപുലീകരിക്കണം.

Published

|

Last Updated

അബൂദബി | ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയ വിയത്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബൂദബി എമിറേറ്റ്‌സ് പാലസ് ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

വിയത്‌നാമിലെ റീട്ടെയില്‍ മേഖല ഉള്‍പ്പെടെ ലുലുവിന്റെ സേവനം വിയത്‌നാമില്‍ കൂടുതല്‍ സജീവമാക്കണമെന്ന് പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയ പ്രധാനമന്ത്രി, ലുലുവിന്റെ കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ക്ഷണിച്ചു.

നിലവില്‍ ഹോചിമിന്‍ സിറ്റിയിലാണ് ലുലുവിന്റെ ഭക്ഷ്യസംസ്‌കരണ കേന്ദ്രമുള്ളത്. ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലൂടെ മിഡില്‍ ഈസ്റ്റിലെയും മറ്റ് രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് വിയത്‌നാമീസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ലുലു പരിചയപ്പെടുത്തുന്നു. രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് അടക്കം വലിയ കൈത്താങ്ങാണ് ലുലുവിന്റെ ഈ പിന്തുണ.

ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളും കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും വിയത്‌നാമില്‍ യാഥാര്‍ഥ്യമാക്കണമെന്ന് യൂസഫലിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫാം മിന്‍ ചിന്‍ പറഞ്ഞു. ജി സി സിയിലെ നിക്ഷേപകര്‍ക്ക് വിയത്‌നാമില്‍ ധൈര്യമായി നിക്ഷേപിക്കാന്‍ കരുത്തേകുന്നതാണ് രാജ്യത്തെ ലുലുവിന്റെ സാന്നിധ്യമെന്നും ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയത്‌നാമില്‍ ലുലുവിന്റെ സാന്നിധ്യം വിപുലീകരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. വിയത്‌നാമിലെ ലുലുവിന്റെ ഭക്ഷ്യസംസ്‌കരണ കേന്ദ്രം വഴി രാജ്യത്തെ ഉത്പന്നങ്ങള്‍ ആഗോള വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. വിയത്‌നാമിലെ വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളുമായി നല്ല ബന്ധമുള്ളതിനാല്‍ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാനുമാകുന്നുണ്ട്. വിയത്‌നാം ഉത്പന്നങ്ങളുടെ ലഭ്യത ലുലുവിന്റെ സ്റ്റോറുകളില്‍ സജീവമാക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

 

 

Latest