Connect with us

ആത്മായനം

കാഴ്ചകൾ നൂലറ്റ പട്ടമാകരുത്

സൂക്ഷ്മമായി ഉപയോഗിക്കേണ്ട അവയവമാണ് കണ്ണ്. ആത്മാവ് സഞ്ചരിക്കുന്ന ശരീരത്തിന്റെ ജാലകമാണത്. അതിലൂടെ കടന്നെത്തുന്നത് മുഴുവന്‍ ശരീരത്തെയും ഒപ്പം ആത്മാവിനെയും സ്വാധീനിക്കും. കണ്ണിലൂടെ ഹൃദയത്തിലെത്തുന്ന കാഴ്ചകള്‍ ആലോചനകളെ നിര്‍മിക്കുന്നു.

Published

|

Last Updated

നോക്കൂ… ചുറ്റും എന്തെല്ലാം കാഴ്ചകളാണ്! പ്രഭാതവും പ്രദോഷവും മാറി മാറി വരുന്ന വര്‍ണാഭമായ ചിത്രപ്പണികള്‍. നയനാനന്ദകരമായ ദൃശ്യങ്ങള്‍. പ്രപഞ്ചത്തിന്റെ ബാഹ്യമായ കാഴ്ചകള്‍ക്കപ്പുറവും കാണാനാകും വിധം നാള്‍ക്കുനാള്‍ വികസിക്കുന്ന അതിനൂതനമായ സാങ്കേതിക വിദ്യകള്‍, താഴെ കടലാഴിക്കകത്തും മേലെ വിഹായസ്സിനപ്പുറവും നമ്മുടെ കാഴ്ചകളെ വിശാലമാക്കി കൊണ്ടുപോകുന്നു. സൂക്ഷ്മാണുക്കളെപ്പോലും നമുക്ക് കാണാനാകുന്നു. വൈദ്യ – സമുദ്ര- ഭൗമ -വാന – ജ്യോതിര്‍ ശാസ്ത്രങ്ങള്‍ സൂക്ഷ്മനിരീക്ഷണങ്ങളുടെ പുതിയ ലോകങ്ങള്‍ തുറന്നിടുന്നു. തീരെ ചെറിയ കണ്ണുകള്‍കൊണ്ട് നമ്മള്‍ ഒത്തിരി കാണുന്നുണ്ട്.

ഓരോ മനുഷ്യന്റെ കണ്ണുകളും അവരുടെ വിരലടയാളം പോലെ വ്യത്യസ്തമാണ്. ശരീരത്തിലെ ഇത്തരം അതുല്യമായ സവിശേഷതകള്‍ (Unique Characteristics) സുരക്ഷാസംവിധാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ ഫോണുകളില്‍ പോലും ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് വരുന്നു. ഇത്തരത്തില്‍ മനുഷ്യന്റെ സ്വന്തമായ സവിശേഷതകള്‍ ഉപയോഗിച്ച് സുരക്ഷാസംവിധാനമൊരുക്കുന്ന പുതിയ ശാസ്ത്ര സംവിധാനമാണ് “Biometrics’. ഈ രംഗത്ത് മനുഷ്യന്റെ വിരലടയാളത്തേക്കാള്‍ സുരക്ഷിതമാണ് കണ്ണുകള്‍ എന്നത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ഒരാളുടെ വിരലടയാളത്തില്‍ 40 അതുല്യമായ (Unique) സവിശേഷതകള്‍ ഉണ്ടെങ്കില്‍ കണ്ണില്‍ 256 ഓളം അതുല്യമായ സവിശേഷതകള്‍ ഉണ്ടത്രേ.
വിശദമായി അറിയാനും പഠിക്കാനും വിശാലമായ സംവിധാനങ്ങള്‍ നമ്മുടെ വിരല്‍ തുമ്പിലുണ്ട്. സ്രഷ്ടാവായ അല്ലാഹുവിന്റെ ഈ നിര്‍മിതി എത്ര അത്ഭുതകരമാണ്! മികവുറ്റ ക്രമീകരണത്തോടെ ഗംഭീരമായി സംവിധാനിച്ച ഈ കാഴ്ച വ്യവസ്ഥ നമുക്ക് സമ്മാനിച്ചത് എന്തിനാകും?

അതേക്കുറിച്ച് സ്രഷ്ടാവ് തന്നെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ചുറ്റും നമ്മളെന്തു നോക്കണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവന്റെ ദൃഷ്ടാന്തങ്ങളെ വേണ്ട വിധം കണ്ണിലണിയുമ്പോള്‍ വസ്തുതാപരമായ ചില തിരിച്ചറിവുകള്‍ ലഭിക്കും. അതു വഴി സന്മാര്‍ഗത്തെ പുല്‍കാനാകും. അവസാനം കണ്‍കുളിര്‍ക്കുന്ന ദൈവിക ദര്‍ശനം (ലിഖാഅ്) കൂടിയാവുമ്പോള്‍ കണ്ണിന്റെ ധര്‍മം സഫലമാകുന്നു.

സൂക്ഷ്മമായി ഉപയോഗിക്കേണ്ട അവയവമാണ് കണ്ണ്. ആത്മാവ് സഞ്ചരിക്കുന്ന ശരീരത്തിന്റെ ജാലകമാണത്. അതിലൂടെ കടന്നെത്തുന്നത് മുഴുവന്‍ ശരീരത്തെയും ഒപ്പം ആത്മാവിനെയും സ്വാധീനിക്കും. കണ്ണിലൂടെ ഹൃദയത്തിലെത്തുന്ന കാഴ്ചകള്‍ ആലോചനകളെ നിര്‍മിക്കുന്നു. കണ്ട കാഴ്ചക്കനുസരിച്ച് ആലോചന ശ്ലീലാശ്ലീലങ്ങളായി വേര്‍തിരിയും. നല്ല കാഴ്ചകള്‍ വ്യക്തിയെ ശുദ്ധീകരിക്കുകയും ചീത്ത കാഴ്ചകള്‍ മലിനമാക്കുകയും ചെയ്യും.

ഒരു ചരിത്രം പറയാം. ഇസ്‌റാഈല്‍ ജനത ഒരു തുള്ളി വെള്ളം കിട്ടാതെ വലഞ്ഞുപോയൊരു കാലമുണ്ടായിരുന്നു. വേവലാതിയുമായി അവര്‍ ഈസാ നബി(അ)ക്കരികിലെത്തി. അങ്ങനെ ജനങ്ങളെ മുഴുവന്‍ നബി വിളിച്ചു കൂട്ടി പ്രാര്‍ഥിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈസാ നബി(അ) ക്ക് വഹ്‌യ് (ദൈവിക സന്ദേശം) ലഭിക്കുന്നത്: “നബിയേ, നിങ്ങള്‍ക്കൊപ്പം തെറ്റുകാരായ വല്ലവരുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മഴ ലഭിക്കുന്നതല്ല’.

ഈ വിവരം നബി മറ്റുള്ളവരെ അറിയിച്ചു. ഒരാളൊഴികെ എല്ലാവരും പിരിഞ്ഞു പോയി. അയാള്‍ക്ക് വലതു വശത്തെ കണ്ണില്ലായിരുന്നു.
“നിങ്ങളെന്താണ് പോകാതിരുന്നത്?’ ഈസാ നബി (അ) അദ്ദേഹത്തോട് ചോദിച്ചു
“നബിയേ.. ഒരു കണ്ണിമ വെട്ടും നേരം പോലും ഒരു തെറ്റും ചെയ്തില്ലെന്നുറപ്പാണ്. പക്ഷേ, ഒരു വേള, ഒരു സ്ത്രീയുടെ കാല് കണ്ടു പോയി. ഈ കുഴി കണ്ടോ… അരുതാത്തത് കണ്ടപ്പോള്‍ വലത്തേ കണ്ണ് ഞാന്‍ ചൂഴ്‌ന്നെറിഞ്ഞു. ഇടത്തേ കണ്ണും ആ കാഴ്ച കണ്ടിരുന്നെങ്കില്‍ എനിക്കീ കണ്ണും ഉണ്ടാവില്ലായിരുന്നു.’ അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഈസാ നബി (അ) യുടെ കണ്ണുകള്‍ ഒഴുകി താടിരോമങ്ങള്‍ നനഞ്ഞു കുതിര്‍ന്നു.

“നിങ്ങള്‍ ദുആ ചെയ്യണം, എന്നെക്കാള്‍ നിങ്ങളാണതിനര്‍ഹന്‍, എനിക്ക് നബിയാണെന്നതിനാല്‍ പാപസുരക്ഷയുണ്ട്. നിങ്ങളോ തെറ്റൊന്നും ചെയ്തിട്ടുമില്ല’.

ഈസാ നബി (അ) യുടെ നിര്‍ദേശം അയാള്‍ അനുസരിച്ചു. കൈയുയര്‍ത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഹൃദയം വിങ്ങുന്ന വിളിയാളത്തിനൊപ്പം ആകാശം കറുത്തിരുണ്ടു. മഴക്കോളുമായ്… (തിരുനബി(സ) പറഞ്ഞ ഈ സംഭവം ഇബ്‌നു അബ്ബാസ്(റ) ആണ് രേഖപ്പെടുത്തിയത്).
യുവാവായിരിക്കെ ഏതോ ഒരു നിമിഷം അരുതാത്തത് കണ്ടുപോയ വേദനയില്‍ “എനിക്കീ കാഴ്ചശക്തിയുണ്ടായതില്‍ സന്തോഷമില്ലെന്ന്’ അടക്കം പറഞ്ഞുകൊണ്ടിരുന്ന അംറുബ്‌നു മുറയെയും(റ) വായിക്കേണ്ടതാണ്. നിഷിദ്ധമായതൊന്നും കാണരുതെന്ന ശാഠ്യത്തില്‍ പള്ളിയില്‍ കഴിഞ്ഞു കൂടി അനിവാര്യതയില്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു അന്യസ്ത്രീയെ കണ്ട ദുഃഖത്തില്‍ കരളുരുകി മരിച്ച താബിഇയുടെ ചരിത്രവും അടയാളപ്പെട്ടതാണ്. “രക്ഷിതാവേ നീയെനിക്ക് ഉപകാരമായി തന്ന ഈ നേത്രങ്ങളെ ഞാന്‍ ഉപദ്രവത്തിന് ഉപയോഗിച്ച് പോകുമോ?’ എന്ന ആകുലത പേറി നടന്ന ഭക്തനായ യൂനുസ് ബ്‌നു യൂസുഫിന്റെ (റ) ചരിത്രവും വലിയ പാഠമാണ്.
“നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ ചെയ്ത് കൂട്ടുന്ന സര്‍വം അവനറിയുന്നുണ്ട്’ (ഖുര്‍ആന്‍ ആശയം) എന്ന വാക്കുകളാണ് അവരെ ബേജാറിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

അരുതാത്ത കാഴ്ചകള്‍ക്കു നേരെ കണ്ണടച്ചിരിക്കണമെന്ന് (സൂറ: നൂര്‍ 30, 31) സ്ത്രീയോടും പുരുഷനോടും മാറി മാറി ഉപദേശിക്കാന്‍ തിരുനബി (സ) ക്ക് അല്ലാഹു നല്‍കിയ നിര്‍ദേശമാണ്.
സ്വര്‍ഗപ്രവേശം നേടാന്‍ അനുഷ്ഠിച്ചിരിക്കേണ്ട ആറ് കാര്യങ്ങളില്‍ ഒന്ന് തെറ്റായ കാര്യങ്ങൾ കാണുന്നതിൽ നിന്ന് പിന്തിരിയലാണ്. ഏതെങ്കിലും അന്യസ്ത്രീകള്‍ അടുത്ത് കൂടെ നടക്കുന്നുവെങ്കില്‍ റബീഉബ്‌നു ഹുസൈം എന്ന മഹാന്‍ കണ്ണ് പൂട്ടി വെക്കാറുണ്ടായിരുന്നുവെന്ന് സുഫ്‌യാനു സൗരി (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കണ്ടാല്‍ ബധിരനാണോ എന്ന് വരെ തോന്നിപ്പോകുമായിരുന്നു.

എത്രയെത്ര സന്ദര്‍ഭങ്ങള്‍! അതിസൂക്ഷ്മജീവിതങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളാണ് നമ്മളിത്ര നേരം വായിച്ചത്. നന്മകളേ കാണാവൂ എന്ന നിര്‍ദേശത്തോടെ തന്ന ഈ സമ്മാനത്തെ അഴുക്കികളയുന്നവര്‍ എത്ര പരാജിതരാണ്! കാഴ്ചയെ വെറുതെ വിട്ടാല്‍ വീഴ്ചകളേറുമെന്ന ഹസന്‍(റ)ന്റെ വാക്കുകള്‍ ഉൾക്കൊണ്ടേ പറ്റൂ.

എന്തും കാണാനുള്ളതല്ല ഈ കണ്ണ്. കണ്ണെത്തേണ്ട ഇടങ്ങള്‍ക്ക് ചില പരിധികളുണ്ട്. ആ പരിധി ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ അത്യാനന്ദ കാഴ്ചയായ ദൈവിക ദര്‍ശനം സാധ്യമാകില്ല. അതിനേക്കാള്‍ വേറെന്തു പരാജയമാണ് ഭവിക്കാനുള്ളത് (നഊദു ബില്ലാഹ്).

പുതിയ കാലം കാഴ്ചകളുടെ പുത്തന്‍ സാധ്യതകള്‍ ദിനേന തുറന്നിട്ടു കൊണ്ടിരിക്കുന്നുണ്ട്. സാങ്കേതിക വിദ്യകളുടെ പുരോഗതിക്കനുസരിച്ച് നമ്മുടെ ജാഗ്രതയും വികസിച്ചു കൊണ്ടിരിക്കണം. പരസ്യമായും റിയാലിറ്റി ഷോകളായും ഡോക്യുമെന്ററികളായും വൈവിധ്യങ്ങളായ ദൃശ്യമാധ്യമങ്ങള്‍ നാള്‍ക്കുനാള്‍ വിശ്വാസിക്കു മുമ്പില്‍ പരീക്ഷണങ്ങളായി വന്നുകൊണ്ടിരിക്കുന്നുണ്ട്. ഈസാ നബി(അ) പറഞ്ഞത് കേള്‍ക്കൂ: “കാഴ്ചകള്‍ ഹൃദയത്തില്‍ ദുര്‍വികാരത്തെ നട്ടുവളര്‍ത്തും. നമ്മെ നശിപ്പിക്കാനതുമതി’.

മോശമായ കാഴ്ചകള്‍ നമ്മുടെ വിശ്വാസത്തെ പോലും പതിയെ അരിച്ചു തുടങ്ങും. ആരാധനയുടെ ആനന്ദങ്ങള്‍ ഇല്ലാതാക്കും. മനസ്സ് അസ്വസ്ഥതകള്‍ കൊണ്ടു നിറയും. തുടരെ തുടരെ അശ്ലീലതയുടെ അടിമയായി മാറും. മൂല്യമിടിയും. ജനങ്ങള്‍ അവഗണിക്കും. പാര്‍ശ്വവത്കരിക്കപ്പെടും. ഈ നില ദുനിയാവില്‍ മാത്രമല്ല ആഖിറത്തിലും തുടരും. മോശം കാഴ്ചകള്‍ക്കെതിരെ കണ്ണടച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ അബൂബക്കര്‍ ശീറാസി(റ) എണ്ണുന്നുണ്ട്.

  1. യുക്തിഭദ്രമായ സംസാരം അവന് നല്‍കും.
  2. ശ്രോതാക്കളെ നന്മയിലേക്ക് നയിക്കാനുള്ള ശേഷി കൈവരും.
  3. ഹൃദയത്തില്‍ സന്മാര്‍ഗത്തിന്റെ തിരിനാളങ്ങള്‍ കത്തും.
  4.  സ്വര്‍ഗത്തില്‍ സ്തുത്യര്‍ഹമായ ഇടം ലഭ്യമാകും.

ഹൃദയത്തെ ഗ്രസിക്കുന്നതാണ് കാഴ്ച. അന്ത്യനാളില്‍ നാം കണ്ട കാര്യങ്ങള്‍ മുഴുവന്‍ കണ്ണുകള്‍ തന്നെ വിളിച്ചു പറയും; ഒന്നും ഒളിച്ചുവെക്കാനാകില്ല. അന്ന് സന്തോഷമായിരിക്കുന്ന കണ്ണുകളെ കുറിച്ച് തിരു നബി (സ) പറഞ്ഞിട്ടുണ്ട് “എല്ലാ കണ്ണും അന്ത്യനാളില്‍ കരയുന്നുണ്ടാകും; മൂന്നാളുകളൊഴിച്ച്,

  1. അല്ലാഹു നിഷിദ്ധമാക്കിയ കാഴ്ചകള്‍ക്കു നേരെ ചിമ്മി ക്കളഞ്ഞ കണ്ണ്.
  2. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറക്കമിളച്ച കണ്ണ്.
  3. അല്ലാഹുവെ പേടിച്ച് ഈച്ചയുടെ കണ്ണ് പോലെ ചുറ്റും അതീവ ശ്രദ്ധയോടെ വീക്ഷിച്ച കണ്ണ് (ഹില്‍യതുല്‍ ഔലിയ 3/163).

കണ്ണേ കരയുക/ കണ്ട കാഴ്ചകളെ ഓര്‍ത്ത്/കണ്ണീര് വറ്റും വരെ എന്നത് മഹാന്മാരുടെ നിരന്തരമായ വാചകമായിരുന്നു. ഏറ്റവും സന്തോഷമുള്ള ദിനമേതാണെന്ന ചോദ്യത്തിന് പണ്ഡിതന്മാര്‍ നല്‍കുന്ന ഉത്തരം “തെറ്റായ കാഴ്ചകള്‍ സംഭവിക്കാത്ത ദിനങ്ങളാണ്’ എന്ന ബോധം നമ്മെ വീണ്ടും വീണ്ടും കഴുകി വെടിപ്പാക്കും. വീടും പരിസരവും വസ്ത്രവും വെടിപ്പാക്കും പോലെ നമ്മുടെ ഓരോ അവയവവും ആ പ്രക്രിയക്ക് വിധേയമാകണം. കണ്ണുകള്‍ നിറഞ്ഞൊഴുകണം. കണ്ഠമിടറും വരെ രക്ഷിതാവിനു മുമ്പില്‍ പാപഭാരത്തിന്റെ കെട്ടഴിച്ചു വെക്കണം. കാണരുതാത്തത് കണ്ട് ചീര്‍ത്തു പോയ കണ്‍തടത്തിലൂടെ പാപങ്ങള്‍ ഒഴുകിത്തീരട്ടെ. കണ്‍കുളിര്‍പ്പിക്കുന്ന നല്ല കാഴ്ചകളേ… സ്വാഗതം.

---- facebook comment plugin here -----

Latest