Connect with us

Kerala

കൈക്കൂലി വാങ്ങിയ താലൂക്ക് സപ്ലൈ ഓഫീസറെ അറസ്റ്റ് ചെയ്ത് വിജിലന്‍സ്

ശ്രീകണ്ഠപുരം പെരുവളത്ത് പറമ്പ് സ്വദേശിയുടെ റേഷന്‍ കാര്‍ഡ് മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് താലൂക്ക് സപ്ലൈ ഓഫീസർ കൈക്കൂലി ആവശ്യപെട്ടത്.

Published

|

Last Updated

തളിപറമ്പ് | കണ്ണൂരിലെ തളിപറമ്പില്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം തളിപ്പറമ്പ് ഓഫീസില്‍ വെച്ച് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ പികെ അനില്‍ പിടിയിലായത്. ശ്രീകണ്ഠപുരം പെരുവളത്ത് പറമ്പ് സ്വദേശിയുടെ റേഷന്‍ കാര്‍ഡ് മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് അനില്‍ കൈക്കൂലി ആവശ്യപെട്ടത്. പെരുവളത്ത് പറമ്പ് സ്വദേശി നല്‍കിയ പരാതിയിലാണ്‌ വിജിലന്‍സ് നടപടി.

പരാതിക്കാരന്റെ ബിപിഎല്‍ കാര്‍ഡ് എപിഎല്‍ കാര്‍ഡ് ആക്കണമെന്നും ഇതുവരെ ബിപിഎല്‍ കാര്‍ഡ് ഉപയോഗിച്ചതിന് പിഴ മൂന്നുലക്ഷം അടക്കണമെന്നുമായിരുന്നു അനില്‍ ആവശ്യപെട്ടത്. 25000 രൂപ കൈക്കൂലി തന്നാല്‍ പിഴ ഒഴിലാക്കി തരാമെന്നായിരുന്നു അനിലിന്റെ വാദം. പരാതിക്കാരന്‍ സാമ്പത്തിക പ്രയാസം പറഞ്ഞതിനെ തുടര്‍ന്ന് ഇത് 15000 രൂപയാക്കി. ആദ്യഘട്ടമായി 10000 രൂപ പരാതികാരന്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അനില്‍ 5000 രൂപയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയപ്പോഴാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപെടുത്തിയത്.