Kerala
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന; മദ്യവില്‍പനയില്‍ ക്രമക്കേട് കണ്ടെത്തി
എറണാകുളത്ത് നോര്‍ത്ത് പറവൂര്‍, ഇലഞ്ഞി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ ക്രമക്കേട്. നോര്‍ത്ത് പറവൂരില്‍ 17,000 രൂപയും ഇലഞ്ഞിയില്‍ 10,000 രൂപയും അധികമായി കണ്ടെത്തി.
കൊച്ചി | സംസ്ഥാനത്ത് വിവിധ ഇടങ്ങളിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന. ‘ഓപറേഷന്‍ മൂണ്‍ലിറ്റില്‍’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്.
എറണാകുളത്ത് നോര്‍ത്ത് പറവൂര്‍, ഇലഞ്ഞി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പനയില്‍ ക്രമക്കേട് നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. മദ്യത്തിന് ഉയര്‍ന്ന വില ഈടാക്കുന്നതായാണ് നിഗമനം. നോര്‍ത്ത് പറവൂരില്‍ 17,000 രൂപയും ഇലഞ്ഞിയില്‍ 10,000 രൂപയും അധികമായി കണ്ടെത്തി.
കോട്ടയം മാര്‍ക്കറ്റിലെ ഔട്ട്‌ലെറ്റില്‍ സ്‌റ്റോക്കില്ലെന്ന പേരില്‍ ബിയര്‍ നല്‍കുന്നില്ല. എന്നാല്‍, ഇവിടെ 30 കേസ് ബിയര്‍ പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റില്‍ 3,000 രൂപ അധികമായി കണ്ടെത്തി.
‘ഡാമേജ്’ ഇനത്തില്‍ 10,000ത്തിലേറെ രൂപ എഴുതിയെടുക്കുന്നതായും കണ്ടെത്തി. ഒഴിഞ്ഞ കുപ്പികള്‍ ശേഖരിച്ച് ഡാമേജ് ഇനത്തില്‍ പെടുത്തുകയാണ് ചെയ്യുന്നത്.
കടലാസിലും വെട്ടിപ്പ്
കടലാസിലും വെട്ടിപ്പ് നടക്കുന്നതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. മദ്യക്കുപ്പി പൊതിഞ്ഞു നല്‍കുന്ന കടലാസിലാണ് വെട്ടിപ്പ്. പണം എഴുതിയെടുക്കുന്നുണ്ടെങ്കിലും പൊതിഞ്ഞു നല്‍കുന്നില്ലെന്നാണ് കണ്ടെത്തിയത്.