sarith
സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു; ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപണം
ചെരുപ്പിടാന്‍ പോലും അനുവദിക്കാതെ വലിച്ചിഴച്ചുവെന്നും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് | സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ കൂട്ടുപ്രതി പി എസ് സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു. മൂന്ന് പേര്‍ ഫ്ലാറ്റിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും ചെരുപ്പിടാന്‍ പോലും അനുവദിക്കാതെ വലിച്ചിഴച്ചുവെന്നും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ ഫോണ്‍ വിജിലൻസ് പിടിച്ചെടുത്തു. നോട്ടീസ് നൽകാതെയാണ് ഈ നടപടികളെന്നും സരിത്ത് പറഞ്ഞു.
അതേസമയം, ഈ മാസം 16ന് തിരുവനന്തപുരത്ത് ഹാജരാകാന്‍ വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. വിജിലൻസ് അന്വേഷിക്കുന്ന ലൈഫ് മിഷന്‍ അഴിമതിയെ കുറിച്ച് ഇന്ന് തന്നോട് ചോദിച്ചില്ല. സ്വപ്‌നയുടെ രഹസ്യമൊഴി ആര് പറഞ്ഞിട്ടാണെന്നായിരുന്നു പ്രധാന ചോദ്യമെന്നും സരിത്ത് പറഞ്ഞു. വിജിലന്‍സിന്റെ പാലക്കാട് യൂണിറ്റാണ് സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ നിന്നും സരിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ലൈഫ് മിഷന്‍ അന്വേഷണത്തിന്റെ ഭാഗമായാണ് സരത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിജിലന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.
സരിത്തിനെ തന്റെ ഫ്ളാറ്റിലെത്തി ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് കസ്റ്റിഡിയാണെന്ന് വ്യക്തമായത്. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും നാല് പേരാണ് സംഘത്തിലുണ്ടായതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. പോലീസ് യൂണിഫോമിലല്ല സംഘമെത്തിയത്. ഐ ഡി കാര്‍ഡ് ഒന്നും കാണിച്ചില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു.
താന്‍ വാര്‍ത്താസമ്മേളനം നടത്തി പൊതുജനങ്ങളോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ സരിത്തിനെ തട്ടിക്കൊണ്ടുപോയി. എച്ച് ആര്‍ ഡി എസില്‍ തന്റെ സഹപ്രവര്‍ത്തകനാണ് സരിത്ത്. പട്ടാപ്പകലാണ് തട്ടിക്കൊണ്ടുപോകല്‍. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന ആരോപിച്ചിരുന്നു.