Connect with us

Kerala

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം; വിജിലന്‍സ് മേധാവി തന്നെ മേല്‍നോട്ടം വഹിച്ചേക്കും

അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലന്‍സ് മേധാവി തീരുമാനിക്കും

Published

|

Last Updated

തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം ഇന്ന് പ്രഖ്യാപിക്കും. അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലന്‍സ് മേധാവി തീരുമാനിക്കും.ആരോപണ വിധേയന്‍ എഡിജിപിയായതിനാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത തന്നെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചേക്കും എന്നാണ് സൂചന. എസ്പി റാങ്കിലുള്ളവരാകും അന്വേഷണ ഉദ്യോഗസ്ഥരാകുക.

അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശിപാര്‍ശയിലാണ് സര്‍ക്കാര്‍ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്.

പിവി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതിയിലുള്‍പ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ തന്റെ സംഘത്തിന് അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് സ്വീകരിച്ചിരുന്നത്. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശ ഡിജിപി ആഭ്യന്തര വകുപ്പിന് നല്‍കുകയായിരുന്നു.

 

Latest