Kerala
ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ഹൗസില്‍ വിജിലന്‍സ് പരിശോധന
ലോഡുകള്‍ക്ക് റിലീസിംഗ് ഓര്‍ഡര്‍ നല്‍കുന്നതിന് മദ്യം കൈക്കൂലി
തൃപ്പൂണിത്തുറ | കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയില്‍ ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ഹൗസില്‍ വിജിലന്‍സ് പരിശോധന. ബെവ്‌കോ വില്‍പ്പനശാലകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന ലോഡുകള്‍ക്ക് തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിലെ ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ഹൗസിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഔട്ട്‌ലെറ്റുകളിലേക്ക് വെയര്‍ഹൗസില്‍ നിന്ന് പോകുന്ന ഓരോ ലോഡിനും മദ്യക്കുപ്പികള്‍ കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു പരാതി.
എറണാകുളം വിജിലന്‍സ് എസ് പിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് യൂനിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്്ടര്‍ ഉനൈസ് അഹ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു കുര്യാക്കോസ് എന്നിവരില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
ലോഡുകള്‍ പരിശോധിച്ച് റിലീസിംഗ് ഓര്‍ഡര്‍ നല്‍കുന്നതിന് ഇവര്‍ മദ്യം കൈക്കൂലിയായി വാങ്ങുകയായിരുന്നു പതിവ്. പരിശോധനയില്‍ ബാറുകളിലേക്ക് പോകുന്ന ലോഡുകള്‍ക്ക് പണം വാങ്ങുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് തുടരന്വേഷണം നടത്താനാണ് വിജിലന്‍സ് പദ്ധതി.